ഓസ്‌ട്രേലിയയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് കൈത്താങ്ങായി മമ്മൂട്ടി ആരാധകര്‍. ഇവരാണ് ഓസ്ട്രേലിയയിലെ മലയാളികള്‍ക്കായി പെര്‍ത്തില്‍ നിന്നും കൊച്ചിയിലേക്ക് വിമാനം ചാര്‍ട്ടര്‍ ചെയ്തിരിക്കുന്നത്.
മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ, ഓസ്ട്രേലിയ ഘടകം ആരാധകരുടെ കൂട്ടായ്‌മയാണ് കൊച്ചിയിലേക്ക് വിമാനം ചാര്‍ട്ടര്‍ ചെയ്തിരിക്കുന്നത്. പ്രമുഖ എയർ ലൈൻസ് കമ്പനിയായ സിൽക്ക് എയര്‍വേയ്‌സും ഓസ്ട്രേലിയ ആസ്ഥാനമായ ഫ്ലൈ വേൾഡ് ഇന്റർനാഷണലും ആയി ചേർന്നാണ് ഈ ഉദ്യമം.
പതിനായിരക്കണക്കിന് മലയാളികൾ പാർക്കുന്ന പെർത്തിൽ നിന്നും നിരവധി ആളുകൾ നാട്ടിലേക്കു വരാൻ ശ്രമിക്കുന്നുണ്ടായിരുന്നു എങ്കിലും വിമാന സർവീസ് ഉണ്ടായിരുന്നില്ല. കോവിഡ് കേസുകളില്ലാത്ത പെർത്തിൽ കർശനമായ നിയന്ത്രണത്തിൽ തന്നെയാണ് നഗരം.
മലയാളി അസോസിയേഷന്‍ ഓഫ് പെര്‍ത്തും പിന്തുണയുമായി രംഗത്തുണ്ട്. ജൂലൈ 25- ന് ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് പുറപ്പെടുന്ന വിമാനം അന്നു രാത്രി പത്തു മണിയോടെ കൊച്ചിയില്‍ എത്തും. ടിക്കറ്റുകള്‍ ആവശ്യം ഉള്ളവര്‍ +61410366089 നമ്പറില്‍ വിളിച്ചു സീറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കൂടുതൽ ഓസ്ട്രേലിയൻ നഗരങ്ങളിൽ നിന്നും ഈ സേവനം ഏർപ്പാട് ചെയ്യാൻ ഒരുങ്ങുകയാണ് സംഘാടകർ.
ഇതു കൂടാതെ നേരത്തെയും നിരവധി കാരുണ്യപ്രവൃത്തികള്‍ മമ്മൂട്ടി ആരാധകര്‍ ചെയ്തിരുന്നു. നേരത്തെ മോഹന്‍ലാലിന്റെ ഗള്‍ഫിലെ ആരാധക കൂട്ടായ്മയായ ലാല്‍ കെയെര്‍സ് പ്രവാസി യാത്രാമിഷന്റെ ഭാഗമായി സൗജന്യ വിമാനത്തില്‍ 177 പ്രവാസികളെ ബഹ്റിനില്‍ നിന്നും കോഴിക്കോട് എത്തിച്ചിരുന്നു.