ലണ്ടന്‍: 2020ലെ മാന്‍ ബുക്കര്‍ പ്രൈസ് പ്രഖ്യാപിച്ചു. സ്‌കോട്ടിഷ്-അമേരിക്കന്‍ എഴുത്തുകാരനായ ഡഗ്ലസ് സ്റ്റുവാര്‍ട്ട് എഴുതിയ ‘ഷഗ്ഗി ബെയിൻ’ എന്ന നോവലിനാണ് പുരസ്‌കാരം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പരിപാടിയിലായിരുന്നു പുരസ്‌കാരം പ്രഖ്യാപിച്ചത്.
ഡഗ്ലസ് സ്റ്റുവാര്‍ട്ടിന്റെ ആദ്യനോവലാണ് ഷഗ്ഗീ ബെയിന്‍. 80കളില്‍ ജീവിച്ച ഒരാണ്‍കുട്ടിയുടെ ജീവിത പ്രതിസന്ധികളെക്കുറിച്ചാണ് നോവല്‍ വിവരിക്കുന്നത്. ‘എനിക്ക് എല്ലായ്‌പ്പോഴും ഒരു എഴുത്തുകാരനാകാന്‍ ആഗ്രഹമുണ്ടായിരുന്നു, അതിനാല്‍ ഇത് ഒരു സ്വപ്നം സാക്ഷാത്കരിക്കുന്നു,’ സ്റ്റുവര്‍ട്ട് പറഞ്ഞു, 1980 കളില്‍ ഒരു തൊഴിലാളിവര്‍ഗ കുടുംബത്തെക്കുറിച്ചുള്ള നോവല്‍ സ്വന്തം ബാല്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരുന്നു. ”അത് എന്റെ ജീവിതകാലം മുഴുവന്‍ മാറ്റിമറിച്ചു,”അവാര്‍ഡ് കിട്ടിയതില്‍ താന്‍ അതീവ സന്തോഷവാനാണന്നും പുരസ്‌കാരം മരണപ്പെട്ടുപോയ തന്റെ മാതാവിന് സമര്‍പ്പിക്കുന്നുവെന്ന് ഡഗ്ലസ് പ്രതികരിച്ചു.
നൊബേല്‍ സമ്മാനത്തിന് ശേഷം ഒരു സാഹിത്യകൃതിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് മാന്‍ ബുക്കര്‍ പ്രൈസ്. തുടര്‍ച്ചയായ 52-ാം തവണയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 50,000 പൗണ്ട് ആണ് പുരസ്‌കാരതുക. ആറ് രചനകളാണ് ഇത്തവണ പുരസ്കാരത്തിനുള്ള അവസാനഘട്ടത്തിലെത്തിയത്. ബുക്കര്‍ പ്രൈസ് നേടുന്ന രണ്ടാമത്തെ സ്‌കോട്ട്ലാന്റുകാരനാണ് ഡഗ്ലസ്. 1994ല്‍ ജെയിംസ് കെള്‍മാനാണ് ആദ്യമായി ബുക്കര്‍ പ്രൈസിന് അര്‍ഹനായ സ്‌കോട്ട് പൗരന്‍.