ജയ്പുര്‍(രാജസ്ഥാന്‍): കാമുകിയുടെ ഭര്‍ത്താവില്‍നിന്ന് രക്ഷപ്പെടാന്‍ അഞ്ചാംനിലയിലെ ഫ്‌ളാറ്റില്‍നിന്ന് താഴേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശ് സ്വദേശിയായ മൊഹ്‌സിനാ(29)ണ് ജയ്പുരിലെ എസ്.എം.എസ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ തിങ്കളാഴ്ച രാത്രി മരിച്ചത്.
ഞായറാഴ്ചയാണ് ജയ്പുരിലെ എന്‍.ആര്‍.ഐ. സര്‍ക്കിളിന് സമീപത്തെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍നിന്ന് മൊഹ്‌സിന്‍ താഴേക്ക് ചാടിയത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കാമുകി തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ യുവതിയും ഇവരുടെ ഭര്‍ത്താവും മുങ്ങിയെന്നാണ് പോലീസ് പറയുന്നത്.
വിവാഹിതയായ യുവതിക്കും അവരുടെ മകള്‍ക്കും ഒപ്പമാണ് മൊഹ്‌സിന്‍ ജയ്പുരില്‍ താമസിച്ചുവന്നിരുന്നത്. രണ്ട് വര്‍ഷം മുമ്പാണ് നൈനിറ്റാള്‍ സ്വദേശിയായ യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച് യുവാവിനൊപ്പം നാടുവിട്ടത്. തുടര്‍ന്ന് പലയിടത്തായി താമസിച്ചുവരികയായിരുന്നു. അടുത്തിടെയാണ് ജയ്പുര്‍ എന്‍.ആര്‍.ഐ. സര്‍ക്കിളിന് സമീപത്തെ ഫ്‌ളാറ്റില്‍ താമസം ആരംഭിച്ചത്. ഇതിനിടെ, യുവതിയുടെ ഭര്‍ത്താവ് ഭാര്യയെ കണ്ടെത്താനുള്ള അന്വേഷണം നടത്തിവരികയായിരുന്നു. അങ്ങനെയിരിക്കെയാണ് ഭാര്യയും കാമുകനും ജയ്പുരിലുണ്ടെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച ഭര്‍ത്താവ് ഭാര്യയെ കാണാനായി ജയ്പുരിലെ ഫ്‌ളാറ്റിലെത്തി. കാമുകിയുടെ ഭര്‍ത്താവിനെ കണ്ടതോടെ പരിഭ്രാന്തനായ മൊഹ്‌സിന്‍, ഇയാളില്‍നിന്ന് രക്ഷപ്പെടാനായി അഞ്ചാംനിലയിലെ ഫ്‌ളാറ്റില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ കാമുകി തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഇതിനുപിന്നാലെ യുവതിയും ഭര്‍ത്താവും സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. ഇവരെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതായും പ്രതാപ്‌നഗര്‍ പോലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ. ബല്‍വീര്‍ സിങ് പറഞ്ഞു.