ആസിഫ് അലിയെ നായകനാക്കി ആര്‍ ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ‘കുഞ്ഞെല്‍ദോ’യിലെ ഗാനമെത്തി. ‘മനസ്സ് നന്നാകട്ടെ… മതമേതെങ്കിലുമാകട്ടെ’ എന്ന് തുടങ്ങുന്നതാണ് ഗാനം. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകർന്ന് വിനീത് ശ്രീനിവാസൻ, മെറിൻ ഗ്രിഗറി എന്നിവർ ആലപിച്ച ഗാനമാണിത്.
സ്‌കൂളിലെ എൻഎസ്എസിന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. സ്കൂൾ കോളേജ് നാളുകളിലെ ക്യാമ്പും സൗഹൃദവും അതിനിടയിലെ പ്രണയവും കോർത്തിണക്കിക്കൊണ്ടുള്ളതാണ് ഈ ഗാനം. സ്കൂൾ വിദ്യാർത്ഥിയുടെ ഗെറ്റപ്പിൽ ഈ ചിത്രത്തിൽ ആസിഫ് അലി എത്തും എന്ന പ്രത്യേകതയുമുണ്ട്.
ആർ ജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുഞ്ഞെൽദോ’. വിനീത് ശ്രീനിവാസൻ ആണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്റ്റർ. കുഞ്ഞിരാമായണം, എബി, കൽക്കി ചിത്രങ്ങൾക്ക് ശേഷം ലിറ്റിൽ ബിഗ് ഫിലിസിന്റെ ബാനറിൽ പ്രശോഭ് കൃഷ്ണയും സുവിൻ വർക്കിയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ പുതുമുഖം ഗോപിക ഉദയന്‍ നായികയാവുന്നു. കുഞ്ഞിരാമായണത്തിന് ശേഷം വിനീത് ശ്രീനിവാസനുമായി ഈ ബാനർ ഒന്നിക്കുന്നു എന്ന വിശേഷണത്തോടെയാണ് ചിത്രം പുറത്തിറങ്ങുക.
സുധീഷ്, സിദ്ധിഖ്, അര്‍ജ്ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ്, കൃതിക പ്രദീപ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം. രഞ്ജൻ എബ്രഹാം ആണ് ചിത്രസംയോജനം. സന്തോഷ് വര്‍മ്മ, അശ്വതി ശ്രീകാന്ത് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകരുന്നു.
കെട്ട്യോളാണ് എന്റെ മാലാഖക്ക് ശേഷം ആസിഫ് നായകനായി എത്തുന്ന ചിത്രമാണ് കുഞ്ഞെൽദോ. ഉസ്താദ് ഹോട്ടൽ, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ഇതിഹാസ, സപ്തമശ്രീ തസ്കരാ, ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി, ക്യാമ്പസ് ഡയറി മുതലായ ചിത്രങ്ങളിൽ മാത്തുക്കുട്ടി വേഷമിട്ടിട്ടുണ്ട്.