യുഎഇ സ്വദേശിവത്ക്കരണം: സ്വകാര്യ കമ്പനികള്‍ക്കുള്ള സമയപരിധി ഡിസംബര്‍ 31ന് അവസാനിക്കും

0

യുഎഇയിലെ സ്വകാര്യ കമ്പനികള്‍ സ്വദേശിവത്ക്കരണത്തിനുള്ള മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള സമയപരിധി ഡിസംബര്‍ 31ന് അവസാനിക്കും. സ്വദേശിവത്ക്കരണ മാനദണ്ഡങ്ങള്‍ക്കായുള്ള പരിശോധന ജനുവരി ഒന്ന് മുതല്‍ ആരംഭിക്കുമെന്ന് യുഎഇ മാനവവിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം അറിയിച്ചു.

വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളിലേക്ക് രണ്ട് ശതമാനത്തില്‍ കുറയാതെ സ്വദേശികളെ നിയമിക്കണമെന്ന മാനദണ്ഡമാണ് സ്വകാര്യ കമ്പനികള്‍ പാലിക്കേണ്ടത്. ഇതില്‍ വീഴ്ച വരുത്തുന്ന കമ്പനികള്‍ ജനുവരി മുതല്‍ പിഴ നല്‍കേണ്ടി വരും. മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന കമ്പനികള്‍ ഉള്‍പ്പെടെ 2024 ആകുമ്പോഴേക്കും 4 ശതമാനം സ്വദേശിവത്ക്കരണം ഉറപ്പാക്കിയിരിക്കണമെന്നും മന്ത്രാലയം അറിയിക്കുന്നുണ്ട്. 2026 ആകുമ്പോഴേക്കും സ്വദേശിവത്ക്കരണം പത്ത് ശതമാനമായി ഉയര്‍ത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

നിയമം ലംഘിക്കുന്ന കമ്പനികള്‍ വര്‍ഷത്തില്‍ 72,000 ദിര്‍ഹം പിഴയായി നല്‍കേണ്ടി വരും. ഒരു സ്വദേശി ജീവനക്കാരന് 6,000 ദിര്‍ഹം എന്ന തോതില്‍ കണക്കാക്കിയാണ് ഈ തുക കമ്പനികളില്‍ നിന്നും ഈടാക്കുന്നത്. ഈ തുക ഒറ്റ ഗഡുവായി കമ്പനിക്ക് അടയ്ക്കാവുന്നതാണെന്നും യുഎഇ മാനവവിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം അറിയിച്ചു.