കണ്ണൂര്‍: സമരചരിത്രങ്ങളുടെ ഇതിഹാസ ഭൂമിയായ കണ്ണൂരില്‍ മംഗളം ദിനപത്രത്തിന്റെ ഏഴാമത് എഡീഷനു പ്രൗഢോജ്വല തുടക്കം. അക്ഷര നഗരിയില്‍നിന്നു പ്രയാണം തുടങ്ങി മാധ്യമ ലോകത്തു വേറിട്ട കാഴ്‌ചപ്പാടുമായാണ് വടക്കേ മലബാറിന്റെ ഹൃദയത്തിലേയ്‌ക്കു മംഗളമെത്തിയത്.
കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ സദസിനെ സാക്ഷി നിര്‍ത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കണ്ണൂര്‍ എഡീഷന്റെ ഉദ്‌ഘാടനവും ആദ്യപ്രതിയുടെ പ്രകാശനവും നിര്‍വഹിച്ചു. കഥകളുടെ ആചാര്യന്‍ ടി. പത്മനാഭന്‍ ആദ്യപ്രതി ഏറ്റുവാങ്ങി. എയറോസിസ് കോളജ് ഓഫ് ഏവിയേഷന്‍ ആന്‍ഡ് മാനേജ്‌മെന്റ് സ്‌റ്റഡീസിന്റെ ഡയറക്‌ടര്‍ ഡോ: ഷാഹുല്‍ ഹമീദിനു നല്‍കി, ഉദ്‌ഘാടന പ്രത്യേക പതിപ്പിന്റെ പ്രകാശനം പബ്ലിക് റിലേഷന്‍സ് മന്ത്രി കെ.സി. ജോസഫ് നിര്‍വഹിച്ചു. മംഗളം മാനേജിംഗ് ഡയറക്‌ടര്‍ സാജന്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ വ്യക്‌തിമുദ്ര പതിപ്പിച്ച ഒമ്പതു പേരെ ഉദ്‌ഘാടന ചടങ്ങില്‍ ആദരിച്ചു.
മഴമാറിനിന്ന അന്തരീക്ഷത്തില്‍ ഉല്‍സവാന്തരീക്ഷത്തിലായിരുന്നു ഉദ്‌ഘാടനച്ചടങ്ങ്. കുടിയേറ്റ ജനതയുടെ കഥപറയുന്ന കണ്ണൂര്‍ സ്‌നേഹവായ്‌പോടെയാണു മംഗളത്തിന്റെ വരവിനെ എതിരേറ്റത്. സ്‌ത്രീകളടക്കം സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള നൂറുകണക്കിനാളുകള്‍ പ്രകാശന ചടങ്ങിനു സാക്ഷിയാകാനെത്തി. തൃശൂര്‍ കൊടകര ഉണ്ണിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പഞ്ചവാദ്യത്തോടെയാണ് അതിഥികളെ വരവേറ്റത്. മുഖ്യമന്ത്രിയെത്തും മുമ്പുതന്നെ ഹാള്‍ നിറഞ്ഞുകവിഞ്ഞു.
ഗന്ധര്‍വ സംഗീതത്തിലൂടെ ശ്രദ്ധേയനായ ഋത്വിക് ചന്ദ്രന്‍ പ്രാര്‍ഥന ആലപിച്ചു. മംഗളം മാനേജിംഗ് ഡയറക്‌ടര്‍ സാജന്‍ വര്‍ഗീസ്, സി.ഇ.ഒയും അസോസിയേറ്റ് എഡിറ്ററുമായ ആര്‍. അജിത്‌കുമാര്‍, സീനിയര്‍ എഡിറ്റര്‍ ഹക്കീം നട്ടാശ്ശേരി, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ (മലബാര്‍) എ. സജീവന്‍, കണ്ണൂര്‍ കോ ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ യു. ബാബു ഗോപിനാഥ്, മംഗളം ദിനപത്രം പരസ്യവിഭാഗം ജനറല്‍ മാനേജര്‍ കുര്യന്‍ കെ. രാജു, പബ്ലിക്കേഷന്‍സ് വിഭാഗം (പരസ്യം) ഡി.ജി.എം. എന്‍. രാജീവ്, എ.ജി.എം. (പരസ്യം) എം.പി. ഗോപാലകൃഷ്‌ണന്‍, സര്‍ക്കുലേഷന്‍ ഡി.ജി.എം: പി.കണ്ണൂര്‍ ജില്ലാ ലേഖകന്‍ ടി.കെ. ജോഷി എന്നിവര്‍ അതിഥികളെ സ്വീകരിച്ചു.
പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്‌ണനും സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും മുന്‍ മന്ത്രി കെ.ഇ. ഇസ്‌മായിലും ഇന്നലെ രാവിലെതന്നെ മംഗളം ഓഫീസ് സന്ദര്‍ശിച്ച് ആശംസകളര്‍പ്പിച്ചിരുന്നു. ഉദ്‌ഘാടന ചടങ്ങിനു ശേഷം കൊച്ചിന്‍ ജാസ് പെക്കേഴ്‌സിന്റെ സിനിമാറ്റിക് ഡാന്‍സും ചലച്ചിത്ര പിന്നണി ഗായകന്‍ ശ്യാം പ്രസാദ് നയിച്ച കൊച്ചിന്‍ ഹാര്‍മണിയുടെ ഗാനസന്ധ്യയും ചലച്ചിത്ര താരങ്ങളായ സുബി സുരേഷ്, സാജു കൊടിയന്‍, സിനിമാല ഫെയിം ജോഷി കലാഭവന്‍ എന്നിവര്‍ അണിനിരന്ന കോമഡി ഷോയും അരങ്ങേറി. ഏഷ്യാനെറ്റിലെ പാട്ടുപെട്ടിയിലൂടെ പ്രശസ്‌തനായ സുരേഷ് കുമാറായിരുന്നു പരിപാടികളുടെ അവതാരകന്‍.
കടപ്പാട് : മംഗളം