
ശിവാജി ഗണേശന്റെ വീട്ടില്‍ വിരുന്നുണ്ണാന്‍ ലഭിക്കുന്ന ഒരവസരം ഒരു അഭിനേതാവും പാഴാക്കില്ല. അമിതാഭ് ബച്ചനും ഐശ്വര്യാ റായിയും മഞ്ജു വാര്യരും വരെ ആ രുചി ആവേളം ആസ്വദിച്ചവര്‍. തെന്നിന്ത്യന്‍ നടികര്‍ തിലകമായ ശിവജി ഗണേശന്റെ വീട്ടിലെത്തിയത് “ഒരു തീര്‍ത്ഥയാത്രയുടെ” അനുഭവം നല്‍കി എന്ന് മുമ്പൊരിക്കല്‍ വിരുന്നുണ്ടിറങ്ങിയ അമിതാഭ് ബച്ചന്‍ പറയുകയും ചെയ്തു. ശിവാജി ഗണേശന്റെ മകന്‍ പ്രഭുവും പ്രഭുവിന്റെ മകന്‍ വിക്രം പ്രഭുവും ആണ് ഇപ്പോള്‍ ഈ കുടുംബത്തില്‍ നിന്ന് സിനിമാഭിനയത്തില്‍ കൂടുതല്‍ സജീവമായിട്ടുള്ളവര്‍. ഇവരോടൊപ്പം അഭിനയിക്കുന്നവര്‍ പുതുമുഖം ആണെങ്കില്‍ വീട്ടില്‍ വിരുന്ന് ഉറപ്പ്. ഇത്തവണ അതിന് ഭാഗ്യം ലഭിച്ചത് മഞ്ജിമാ മോഹനാണ്. ഒരു വടക്കന്‍ സെല്‍ഫിയിലൂടെ മല്ലുവുഡില്‍ കാലൂന്നാം എന്ന പ്രതീക്ഷ തെറ്റിയപ്പോഴാണ് ഗൗതം വാസുദേവ മേനോന്‍ തമിഴിലേക്കും തെലുങ്കിലേക്കും മഞ്ജിമയെ കൈപിടിച്ചു കയറ്റിയത്. അരങ്ങേറ്റ ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ ഇഴഞ്ഞു കയറിയപ്പോള്‍ മഞ്ജിമയ്ക്ക് രണ്ട് പുതിയ തമിഴ് ചിത്രങ്ങളില്‍ കൂടി അവസരം ലഭിച്ചു. അതിലൊന്ന് പ്രഭുവിന്റെ മകന്‍ നായകനാകുന്ന ക്ഷത്രിയനും മറ്റൊന്ന് ഉദയനിധി സ്റ്റാലിന്‍ നായകനാകുന്ന ഇപ്പടൈ വെല്ലുവും. ക്ഷത്രിയന്റെ വിജയാഘോഷ ചടങ്ങുകള്‍ക്കിടെയാണ് മഞ്ജിമയെ ശിവാജിയുടെ വീട്ടിലേക്ക് വിരുന്നിന് ക്ഷണിച്ചത്. “രുചികളുടെ മറക്കാന്‍ കഴിയാത്ത അനുഭവമാണ് അത്” എന്നു പറയുന്നു മഞ്ജിമ. ഇനി കരുണാനിധിയുടെ വീട്ടില്‍ എന്നാണ് വിരുന്നെന്ന് അറിയില്ല!