മാന്നാര്‍: ദുബായില്‍നിന്ന് നാട്ടിലെത്തിയ മാന്നാര്‍ കുരട്ടിക്കാട് വിസ്മയവിലാസത്തില്‍ ബിന്ദു ബിനോയി(39)യെ വീടാക്രമിച്ചു തട്ടിക്കൊണ്ടുപോയ കേസില്‍ അഞ്ചു പ്രതികളെ പോലീസ് അറസ്റ്റുചെയ്തു. മലപ്പുറം പൊന്നാനി ആനയടി പാലയ്ക്കല്‍ അബ്ദുള്‍ ഫഹദ്(35), എറണാകുളം പറവൂര്‍ മന്നം കാഞ്ഞിരപ്പറമ്പില്‍ അന്‍ഷാദ്(30), തിരുവല്ല ശങ്കരമംഗലം വിട്ടില്‍ ബിനോ വര്‍ഗീസ്(39), പരുമല തിക്കപ്പുഴ മലയില്‍തെക്കേതില്‍ കുട്ടപ്പായി എന്ന ശിവപ്രസാദ്(37), പരുമല കോട്ടയ്ക്കമാലി കൊച്ചുമോന്‍ എന്ന സുബിര്‍(38) എന്നിവരാണ് പിടിയിലായത്. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.
യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുക്കും. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സ്വർണക്കടത്ത് റാക്കറ്റാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു. സംഭവത്തിൽ സ്വർണക്കടത്ത് റാക്കറ്റിന്റെ ഇടപെടലിനെ തുടർന്നാണ് ഇ.ഡിയുടെ ഇടപെടൽ. കേസ് രജിസ്റ്റർ ചെയ്ത ശേഷം പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് ഇ.ഡിയുടെ തീരുമാനം.
പ്രതികളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. വിദേശത്തുള്ള പ്രതികളെ ഉള്‍പ്പെടെ ഇനിയും പിടിക്കാനുണ്ട്. ചെങ്ങന്നൂര്‍ ഡിവൈഎസ്പി ആര്‍.ജോസിന്‍റെ നേതൃത്വത്തില്‍ മാന്നാര്‍ സി.ഐ എസ്.ന്യൂമാന്‍, എടത്വ സിഐ ശിവപ്രസാദ്, ചെങ്ങന്നൂര്‍ സിഐ ബിജു എന്നിവരുടെ നേതൃത്വത്തില്‍ മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തിയത്. യുവതി സ്വര്‍ണക്കടത്തിലെ കണ്ണിയാണെന്നു അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. സ്വര്‍ണക്കടത്തു സംബന്ധിച്ച് കസ്റ്റംസും അന്വേഷിക്കുന്നുണ്ട്.