കൂടൽമാണിക്യം ക്ഷേത്രത്തിൽ നൃത്തം ചെയ്യുന്നതിൽ നിന്ന് നർത്തകിയായ മൻസിയ വി.പിയെ ഒഴിവാക്കി. ‘അഹിന്ദു’ ആണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. മൻസിയ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
ഏപ്രിൽ 21 വൈകീട്ട് 4 മണി മുതൽ 5 മണി വരെയാണ് മൻസിയയുടെ നൃത്ത പരിപാടി നടത്താനിരുന്നത്. നോട്ടിസിലും അച്ചടിച്ചിരുന്നു. എന്നാൽ പിന്നീട് ജാതി ചൂണ്ടിക്കാട്ടി മൻസിയയെ ഒഴിവാക്കുകയായിരുന്നു. ഇതാദ്യമായല്ല തനിക്ക് ഇത്തരമൊരു അനുഭവമെന്നും, വർഷങ്ങൾക്ക് മുൻപ് ഗുരുവായൂർ ഉത്സവത്തിനോടനുബന്ധിച്ച് തനിക്ക് ലഭിച്ച അവസരവും ഇതേ കാരണത്താൽ മുടങ്ങിയെന്നും മൻസിയ കുറിച്ചു.
എന്നാൽ സംഭവത്തിൽ വിശദീകരണവുമായി ഇപ്പോൾ ക്ഷേത്രം ഭാരവാഹികൾ രംഗത്തെത്തിയിട്ടുണ്ട്. ക്ഷേത്രത്തിന്‍റെ മതിൽക്കെട്ടിനുളളിലായതിനാലാണ് മൻസിയയെ പരിപാടിയിൽ നിന്നൊഴിവാക്കിയതെന്നാണ് കൂടൽമാണിക്യ ക്ഷേത്ര ഭാരവാഹികൾ വിശദമാക്കുന്നത്. പത്രത്തിൽ പരസ്യം നൽകിയാണ് കലാപരിപാടികൾക്ക് അപേക്ഷ ക്ഷണിച്ചത്. പത്ര പരസ്യത്തിൽ ഹിന്ദുക്കളായ കലാകാരന്മാരാകണമെന്ന് പറഞ്ഞിരുന്നതാണെന്നും ഭാരവാഹികള്‍ പറയുന്നു. നിലവിലെ ക്ഷേത്ര നിയമമനുസരിച്ച് അഹിന്ദുക്കളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാൻ കഴിയില്ലെന്നും ഭരണസമിതി വ്യക്തമാക്കി.
അഹിന്ദു ആയതിനാല്‍ കൂടല്‍ മാണിക്യം ഉത്സവത്തിനോട് അനുബന്ധിച്ചുള്ള നൃത്തോല്‍സവത്തില്‍ അവസരം നിഷേധിച്ചുവെന്ന നര്‍ത്തകി മന്‍സിയ ആരോപിച്ചിരുന്നു. ഏപ്രില്‍ 21 വ്യാഴാഴ്ച ആറാം ഉത്സവം പ്രമാണിച്ചുള്ള കലാപരിപാടികളുടെ ഭാഗമായി ഭരതനാട്യം അവതരിപ്പിക്കാന്‍ നോട്ടീസിലടക്കം പേര് അച്ചടിച്ചതിന് ശേഷമാണ് ക്ഷേത്ര ഭാരവാഹികളില്‍ ഒരാള്‍ ഇക്കാര്യം അറിയിച്ചതെന്നാണ് മന്‍സിയ ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചത്. വിവാഹത്തിന് പിന്നാലെ മതം മാറിയോ എന്ന ചോദ്യം ചോദിച്ചുവെന്നും മന്‍സിയ പറയുന്നു. സമാന കാരണത്താല്‍ ഗുരുവായൂരിലും അവസരം നിഷേധിക്കപ്പെട്ട വിവരവും മന്‍സിയ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോൾ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു.കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ് പോക്കെന്ന് സ്വയം ഓർക്കാൻ വേണ്ടി മാത്രമെന്ന് വിശദമാക്കിയാണ് മന്‍സിയ കുറിപ്പ് അവസാനിപ്പിക്കുന്നത്.