മണ്‍വിള ഫാമിലി പ്ലാസ്റ്റിക്കിലെ രണ്ടു ജീവനക്കാർ പൊലീസ് കസ്റ്റഡിയിൽ; അട്ടിമറിയെന്നു സൂചന

0

മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക് വ്യവസായ ശാലയിലെ തീ പിടുത്തം അട്ടിമറിയെന്ന് സംശയം. ശമ്പളം വെട്ടിക്കുറച്ചതിലുള്ള വൈരാഗ്യത്തില്‍ കമ്പനിയിലെ രണ്ട് ജോലിക്കാര്‍ തീ ഇടുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സംഭവത്തില്‍ രണ്ട് ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. 
ഇവരുടെ ശമ്പളം വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് മാനേജ്മെന്റുമായി തർക്കം നിലനിന്നിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

കസ്റ്റഡിയിലെടുത്തവർക്ക് സംഭവത്തിൽ പൂർണ പങ്കാളിത്തമുണ്ടെന്നത് തെളിയിക്കാൻ തീപിടിത്തത്തിനു ശേഷം കമ്പനിയിൽ ഇലക്ട്രിക്കൽ ഇൻസ്പെക്‌ഷൻ ഡയറക്ടറേറ്റ് നടത്തിയ തെളിവെടുപ്പിന്റെ റിപ്പോർട്ട് പൊലീസ് കാത്തിരിക്കുകയാണെന്നാണ് സൂചന. ഷോർട് സർക്യൂട്ടല്ല തീപിടിത്തത്തിന് പിന്നിലെന്ന് റിപ്പോർട്ട് ലഭിച്ചാൽ അട്ടിമറി സാധ്യത മുൻനിർത്തി കസ്റ്റഡിയിലുളളവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നറിയുന്നു.
ചിറയന്‍കീഴ്, കഴക്കൂട്ടം സ്വദേശികളെയാണ്‌ചോദ്യം ചെയ്തു വരുന്നത്. ഇവരുടെ ശമ്പളത്തില്‍ നിന്നും 3000 രൂപ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വെട്ടിക്കുറച്ചിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു. ശമ്പളം കുറച്ചതില്‍ പ്രതിഷേധിച്ച് ഇവര്‍ കമ്പനിയ്‌ക്കെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.