20 വർഷം മുൻപാണ് ഓസ്ട്രേലിയയിലെ സൈന്യനിക നിരോധിത മേഖലയില്‍ ഒരു അജ്ഞാതചിത്രം പ്രത്യക്ഷപ്പെട്ടത്. നാലു കിലോമീറ്ററിലധികം നീളമുള്ള ഒരുചിത്രം. വ്യാസമാകട്ടെ 28 കിലോമീറ്ററും. ഈ ചിത്രം മനുഷ്യര്‍ക്ക് വരയ്ക്കാന്‍ സാധിക്കില്ല എന്ന് ഒറ്റ നോട്ടത്തില്‍ തന്നെ അറിയാന്‍ കഴിയും. മാറീ മാൻ, സ്റ്റുവാർട്സ് ജയന്റ് എന്നെല്ലാമാണ് ഈ ചിത്രത്തിന് ശാസ്ത്രലോകം നല്‍കിയിരിക്കുന്ന പേര്. സെന്‍ട്രല്‍ സൗത്ത് ഓസ്‌ട്രേലിയയിലെ മാറീ ടൗണിനു പടിഞ്ഞാറ് ഭാഗത്താത്താണ് ഈ സ്ഥലം.
ബൂമറാങ് എറിയാന്‍ നില്‍ക്കുന്ന ഗോത്രവിഭാഗക്കാരനെ അനുസ്മരിപ്പിക്കുന്ന ചിത്രം എങ്ങനെ വന്നു എന്നത് ഇന്നും ചുരുളഴിയാത്ത രഹസ്യമാണ്. ജിയോഗ്ലിഫ് എന്നറിയപ്പെടുന്ന ഇത്തരം ചിത്രങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. അന്യഗ്രഹജീവികള്‍ വരച്ചതാകാം ഈ വിചിത്രമായ ചിത്രം എന്നാണു നിഗമനം. എങ്കിലും ഇതിനു പിന്നിലെ രഹസ്യം തേടി കണ്ടു പിടിക്കുന്നവര്‍ക്ക് ഇപ്പോള്‍ 5000 ഡോളർ(ഏകദേശം മൂന്നേകാൽ ലക്ഷം രൂപ) വാഗ്ദാനം ചെയ്തിരിക്കുകയാണ് ഓസ്ട്രേലിയൻ ബിസിനസുകാരനായ ഡിക്ക് സ്മിത്ത്. രണ്ടു വര്‍ഷത്തോളം ഇതിന്റെ രഹസ്യം തേടിയലഞ്ഞ സ്മിത് തോല്‍വി സമ്മതിച്ചാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന് പിന്നില്‍ അന്യഗ്രഹജീവികളല്ല മനുഷ്യര്‍ തന്നെയാണെന്നാണ് അദ്ദേഹം പറയുന്നത്.
എന്നാൽ ഇതിനെ ഖണ്ഡിക്കുന്ന ഒട്ടേറെ തെളിവുകൾ ചിത്രത്തിന്റെ പരിസരത്തു നിന്നു തന്നെ ലഭിച്ചിരുന്നു. തെളിവുകളിൽ ഏറ്റവും വിശ്വസനീയം ഈ ജിയോഗ്ലിഫ് നിർമിച്ചത് ഒരു കൂട്ടം അമേരിക്കക്കാരാണ് എന്നതാണ്. ഒറ്റയ്ക്ക് ഒരാൾക്ക് ഇത്തരത്തിലും തികച്ചും പ്രഫഷണലായ ഒരു ചിത്രം തയാറാക്കാനാകില്ല. അതും ഒരു നിരോധിത മേഖലയിൽ. മൂന്നോ നാലോ പേരുണ്ടായിരുന്നിരിക്കണം. മാത്രവുമല്ല ഒരാഴ്ചയോളം പണിയെടുത്താൽ മാത്രമേ ആ മരുപ്രദേശത്ത് ഇത്തരമൊരു ചിത്രം വരച്ചെടുക്കാൻ ആവുകയുള്ളൂ. അതും ആകാശത്തു നിന്നു പോലും കൃത്യമായി കാണാവുന്ന വിധത്തിൽ വിദഗ്ദ്ധമായി. പ്രശസ്ത ചിത്രകാരന്‍ ബാര്‍ഡിയസ് ഗോള്‍ഡ്‌ബെര്‍ഗാണ് ചിത്രത്തിനു പിന്നിലെന്നും പറയപ്പെടുന്നു. അന്തരിക്കും മുൻപ് ആകാശത്തു നിന്നും കാണാവുന്ന ഒരു ചിത്രം വരയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഓസ്ട്രേലിയൻ സൈന്യം തന്നെയാണ് ഇതിന്റെ നിർമാണത്തിനു പിന്നിലെന്നു വിശ്വസിക്കുന്നവരും ഉണ്ട്. ആരു തന്നെയായാലും തനിക്ക് വിശ്വസനീയമായ തെളിവു നൽകുന്നവർക്കു പണം സമ്മാനിക്കുമെന്നാണ് ഡിക്ക് സ്മിത്തിന്റെ ഉറപ്പ്. ഓസ്‌ട്രേലിയന്‍ സൈന്യമാണ് ചിത്രത്തിന് പിന്നിലെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്.