തിരുവോണ ദിനത്തില്‍ മലയാളികളെ പുകഴ്ത്തി മുന്‍ സുപ്രീംകോടതി ജസ്റ്റിസും പ്രസ് കൗണ്‍സില്‍ മുന്‍ ചെയര്‍മാനുമായ മാര്‍ക്കണ്ഡേയ കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് .ലോകത്ത് എല്ലായിടത്തുമുളള മലയാളികള്‍ക്ക് ഓണാശംസകള്‍ അര്‍പ്പിച്ച കട്ജു താന്‍ മുന്‍പ് പറഞ്ഞപോലെ എല്ലാവിധ വൈവിധ്യങ്ങള്‍ കൊണ്ടും നിങ്ങളാണ് ശരിക്കുളള ഇന്ത്യാക്കാരെ പ്രതിനിധീകരിക്കുന്നതെന്നും രാജ്യം മുഴുവന്‍ നിങ്ങളെ കണ്ടു പഠിക്കണമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
മലയാളികളാണ് യഥാര്‍ത്ഥ ഇന്ത്യക്കാരെന്ന് നേരത്തെയും ഫേസ്ബുക്കിലൂടെ കട്ജു പറഞ്ഞിരുന്നു. പുരോഗമനവാദികളും സര്‍വദേശപ്രിയരും മതേതര ചിന്താഗതിക്കാരുമാണ് മലയാളികള്‍. എല്ലാ ഇന്ത്യക്കാരും മലയാളികളില്‍ നിന്ന് പഠിക്കണം. യഥാര്‍ഥ ഇന്ത്യക്കാരെ പ്രതിനിധീകരിക്കുന്നത് മലയാളികള്‍ മാത്രമാണ് എന്നാണ് കട്ജു പറയുന്നത് .
കുടിയേറ്റക്കാരുടെ നാടായ ഇന്ത്യയില്‍ എന്തിനെയും സ്വീകരിക്കാനുളള മനസാണ് മലയാളികളുടെ ഏറ്റവും വലിയ സവിശേഷത. ബാഹ്യമായതിനെ പോലും സ്വീകരിക്കാന്‍ അവര്‍ക്ക് മടിയില്ല. അതിപ്പോള്‍ ദ്രാവിഡരോ, ആര്യന്‍മാരോ, റോമന്‍സോ, ഹിന്ദുക്കളോ, മുസ്ലിംകളോ, ക്രിസ്ത്യാനികളോ, മാര്‍ക്‌സിസ്റ്റുകളോ എന്നിങ്ങനെ ആരെയും സ്വീകരീക്കുമെന്നും യഥാര്‍ത്ഥ ഇന്ത്യാക്കാര്‍ ആരാണെന്ന് സ്വയം ചോദിച്ചുകൊണ്ട് ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റില്‍ കട്ജു വ്യക്തമാക്കിയിരുന്നു.