അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് മാർട്ടിൻ ഗപ്റ്റിൽ

0

ഓക്‌ലൻഡ്: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ന‍്യൂസിലൻഡ് ബാറ്റർ മാർട്ടിൻ ഗപ്റ്റിൽ. അതേസമയം ട്വന്‍റി-20 ലീഗുകളിൽ തുടരുമെന്ന് താരം അറിയിച്ചു. ന‍്യൂസിലൻഡിനായി 198 ഏകദിന മത്സരങ്ങൾ കളിച്ച താരം 18 സെഞ്ച്വറികളും 50 അർധസെഞ്ച്വറികളുമടക്കം 7346 റൺസ് നേടിയിട്ടുണ്ട്. ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ‍്യ ന‍്യൂസിലൻഡ് താരമാണ് ഗപ്റ്റിൽ. 2015 ലോകകപ്പ് മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരേയായിരുന്നു പുറത്താകാതെ 237 റൺസ് അടിച്ചുകൂട്ടിയത്.

ന‍്യൂസിലൻഡിനായി 47 ടെസ്റ്റുകളിൽ നിന്ന് 3 സെഞ്ച്വറികളും 17 അർധ സെഞ്ച്വറികളുമടക്കം 2586 റൺസ് നേടിയിട്ടുണ്ട്. 122 ട്വന്‍റി-20 മത്സരങ്ങളും കിവീസിനായി കളിച്ചു. ട്വന്‍റി-20 യിൽ 31.81 ശരാശരിയിൽ 3531 റൺസും നേടി. നിലവിൽ ട്വന്‍റി-20 യിൽ ന‍്യൂസിലൻഡിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് ഗപ്റ്റിൽ. രണ്ട് സെഞ്ച്വറികളും 20 അർധസെഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നു.