മാരുതി 800 ഇന്ത്യക്കാര്‍ക്ക് ഒരു വികാരമായിരുന്നു. ഉല്‍പാദനം അവസാനിപ്പിച്ചിട്ടും ഇന്നും ഇന്ത്യക്കാര്‍ മാരുതിയെ നെഞ്ചില്‍ സൂക്ഷിക്കുന്നതും അത് കൊണ്ടാണ്.സംഭവ ബഹുലമായിരുന്നു മൂന്ന് പതിറ്റാണ്ടു നീളുന്ന മാരുതി 800 ഹാച്ച്ബാക്കിന്റെ യാത്ര. അങ്ങ് ജര്‍മ്മനിയില്‍ ‘പീപിള്‍സ് കാര്‍’ എന്ന ഖ്യാതി നേടിയത് ഫോക്‌സ്‌വാഗണ്‍ ബീറ്റിലാണെങ്കില്‍ ഇന്ത്യക്കാര്‍ക്ക് അത് മാരുതി 800 ആണ്. കാര്‍ എന്ന ഇടത്തരക്കാരന്റെ സ്വപ്‌നത്തിന് പുതിയ നിര്‍വചനമേകിയാണ് മാരുതി 800 വിപണിയിലേക്ക് കടന്നുവന്നത്.
1983 ല്‍ വിപണിയില്‍ എത്തിയ മാരുതി 800 ഹാച്ച്ബാക്കിന് 48,000 രൂപയായിരുന്നു അന്നത്തെ വില. പണക്കാര്‍ക്കു മാത്രമെ കാര്‍ വാങ്ങാന്‍ സാധിക്കുകയുള്ളുവെന്ന പൊതു സങ്കല്‍പത്തെ തകര്‍ത്തെറിഞ്ഞാണ് മാരുതി 800 വിപണിയില്‍ എത്തിയത്.അക്കാലത്ത് ഒരു ലക്ഷം രൂപ കൊടുത്തും മാരുതി 800 നെ സ്വന്തമാക്കാന്‍ ആളുകള്‍ തയ്യാറായി മുന്നോട്ടു വന്നു; അത്രയ്ക്കുണ്ടായിരുന്നു മാരുതി 800 പ്രിയം.
നറുക്കെടുപ്പിലൂടെയാണ് ആദ്യത്തെ മാരുതി 800 കാറുടമയായി ഹര്‍പാല്‍ സിംഗിനെ കമ്പനി തെരഞ്ഞെടുത്തത്. 1983 ഡിസംബര്‍ 14 ന് ദില്ലിയില്‍ വെച്ചു നടന്ന ചടങ്ങില്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആദ്യ മാരുതി 800 ന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു.27 വര്‍ഷത്തോളം ഇതേ മാരുതി 800 ല്‍ സഞ്ചരിച്ച ഹര്‍പാല്‍ സിംഗ്, കാര്‍ വില്‍ക്കാനോ പുതിയ കാര്‍ വാങ്ങാനോ തയ്യാറായില്ല. 2010 ല്‍ ഹര്‍പാല്‍ സിംഗ് അന്തരിച്ചു.
അയല്‍ രാജ്യമായ പാകിസ്താനിലും മാരുതി 800 വമ്പന്‍ ഹിറ്റായിരുന്നു. സുസൂക്കി മെഹ്‌റാന്‍ (Suzuki Mehran) എന്ന പേരിലാണ് 800 ഹാച്ച്ബാക്ക് പാകിസ്താനില്‍ വില്‍ക്കപ്പെട്ടത്.കാറാച്ചി ആന്റി-കാര്‍ ലിഫ്റ്റിംഗ് സെല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 800 ഹാച്ച്ബാക്കാണ് പാകിസ്താനില്‍ ഏറ്റവുമധികം മോഷ്ടിക്കപ്പെട്ട കാര്‍. വെള്ള നിറത്തിലുള്ള 800 ഹാച്ച്ബാക്കുകളാണ് മോഷ്ടിക്കപ്പെട്ടവയില്‍ ഏറെയുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ സ്വന്തമാക്കിയ ആദ്യ കാര്‍ എന്ന ഖ്യാതിയും മാരുതി 800 നുണ്ട്. ഇന്നും സച്ചിന്റെ ഗരാജില്‍ നീല മാരുതി 800 കിടപ്പുണ്ട്. ബോളിവുഡ് കിംഗ്ഖാന്‍ ഷാരൂഖ് ഖാനും മാരുതി 800 സ്വന്തമാക്കിയവരുടെ പട്ടികയിലുണ്ട്.