മംഗളൂരുവിലെ റിഫൈനറിയിൽ വൻ സ്ഫോടനം; ഒരു മരണം, എട്ട് പേർക്ക് പരുക്ക്
മംഗളൂരു: കർണാടകത്തിലെ മംഗളൂരുവിലുള്ള പെട്രോ കെമിക്കൽ റിഫൈനറിയിൽ ഉണ്ടായ വൻ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. എട്ട് പേർക്ക് പരുക്കേറ്റു. ബുധനാഴ്ച ജൊക്കട്ടെയ്ക്ക് സമീപത്തെ മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിൽ (എംആർപിഎൽ) ആണ് സ്ഫോടനമുണ്ടായത്.
മുൽക്കി സ്വദേശിയായ മനീഷ് കർക്കേര (30) ആണ് മരിച്ചത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. അഗ്നിരക്ഷാസേന എത്തി രണ്ടര മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്.
ഉച്ചയോടെ കോക്കർ ഹൈഡ്രോട്രീറ്റർ യൂണിറ്റിൽ ഉയർന്ന മർദത്തിൽ പ്രവർത്തിച്ചിരുന്ന കോൾഡ് സെപ്പറേറ്റർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്ന് റിഫൈനറി ചീഫ് ജനറൽ മാനേജർ റുഡോൾഫ് വി. നൊറോഹ പ്രസ്താവനയിൽ പറഞ്ഞു.
സ്ഫോടനത്തിന്‍റെ ശക്തിയിൽ പ്രദേശത്ത് ഭൂചലനമുണ്ടായെന്ന് കരുതി ആളുകൾ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടിയിരുന്നു. നിരവധി വീടുകളിൽ വിള്ളലുണ്ടായി. ജനൽച്ചില്ലുകൾ തകർന്നുവീണു. സമീപത്തെ പള്ളിയുടെ മേൽക്കൂരയിലെ ഓടുകളും തകർന്നു.
സ്ഫോടനത്തിന്‍റെ ശബ്ദം 10 മുതൽ 12 കിലോമീറ്റർ അകലെയുള്ള പ്രദേശങ്ങളിലും കേട്ടു. പിന്നാലെ ഉയർന്ന കറുത്ത പുകച്ചുരുൾ ദൂരസ്ഥലങ്ങളിൽ നിന്നുപോലും ദൃശ്യമായിരുന്നു.