പട്ന∙ സൈന്യത്തിലെ ഹ്രസ്വകാല നിയമന പദ്ധതിയായ ‘അഗ്നിപഥി’നെതിരായ പ്രതിഷേധം തുടരുന്നു. ഇരുനൂറിലധികം ട്രെയിനുകള്‍ റദ്ദാക്കി. ബിഹാർ, ഉത്തർപ്രദേശ്, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ട്രെയിനുകൾക്കു പ്രതിഷേധക്കാർ തീയിട്ടു. രാജ്യത്തെ 340 ട്രെയിന്‍ സര്‍വീസുകളെ പ്രതിഷേധം ബാധിച്ചിട്ടുണ്ട്. സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ബിഹാറിലെ 12 ജില്ലകളിൽ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. ഞായറാഴ്ച വരെ ഇതു തുടരും. ബിഹാറില്‍ ശനിയാഴ്ച ആര്‍ജെഡി ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
തെലങ്കാനയിൽ ഇന്നലെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തു. 94 എക്സ്പ്രസ് ട്രെയിനുകളും 140 പാസഞ്ചർ ട്രയിനുകളുമാണ് സംഘർഷത്തെ തുടർന്ന് ഇന്നലെ റദ്ദാക്കിയത്. 340 ട്രയിൻ സർവീസുകളെ പ്രതിഷേധം ബാധിച്ചെന്ന് ഇന്ത്യൻ റെയിൽ വേ അറിയിച്ചു.
അഗ്നിപഥിനെതിരായ പ്രതിഷേധം രൂക്ഷമായ ഹരിയാനയിലെ മൂന്ന് ജില്ലകളിൽ നിരോധനാജ്ഞ തുടരുകയാണ്. പലയിടങ്ങളിലും അക്രമങ്ങളെ തുടർന്ന് വിച്ഛേദിച്ച ഇൻറർനെറ്റ് സേവനം പുനസ്ഥാപിച്ചിട്ടില്ല. പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബികെയു നേതാവ് ഗുർണാം സിംഗ് ചതുണിയുടെ നേതൃത്വത്തിൽ അനിശ്ചിത കാല സമരം തുടങ്ങി.
പൽവാളിലും , ഗുഡ്ഗാവിലും, ഫരീദാബാദിലുമാണ് നിരോധനാജ്ഞ നിലനിൽക്കുന്നത്. പൽവാളിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം വിച്ഛേദിച്ച ഇൻറർനെറ്റ് സേവനം പുനസ്ഥാപിച്ചിട്ടില്ല. കഴിഞ്ഞ ദിവസം അക്രമം നടന്ന സ്ഥലങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി. വ്യാഴാഴ്ച്ച നടന്ന അക്രമങ്ങളിൽ സംസ്ഥാനത്തിന് വലിയ നാശനഷ്ങ്ങളുണ്ടായി. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഹരിയാനയിൽ പ്രതിഷേധങ്ങൾ തുടരുകയാണ്. പ്രതിഷേധങ്ങൾ സമാധാനപരമാകണമെന്നുറപ്പിക്കാൻ പൊലീസ് ഡിഫൻസ് എക്കാദമി മേധാവികളുമായി ചർച്ച നടത്തി.