മൗറീഷ്യസ് തീരത്ത് പവിഴപ്പുറ്റിലിടിച്ച് ജപ്പാനീസ് എണ്ണക്കപ്പൽ തകർന്ന് വൻതോതിൽ എണ്ണ ചോർന്ന സംഭവത്തിൽ കപ്പലിലെ ക്യാപ്റ്റനും ഡെപ്യൂട്ടിയും അറസ്റ്റിൽ. . ഇന്ത്യൻ പൗരനായ ക്യാപ്റ്റൻ സുനിൽ കുമാർ നന്ദേശ്വറിനേയും അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയായ ശ്രീലങ്കൻ പൗരനെയുമാണ് മൗറീഷ്യൻ പോലീസ് അറസ്റ്റ് ചെയ്തത്.
ഇരുവരേയും ഓഗസ്റ്റ് 25ന് കോടതിയിൽ ഹാജരാക്കും. കപ്പലിലെ മറ്റുജീവനക്കാരെ ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണെന്നും അപകടത്തിൽ വിശദമായ അന്വേഷണം തുടരുമെന്നും മൗറീഷ്യസ് പൊലീസ് വക്താവ് അറിയിച്ചു.
ജപ്പാന്റെ ഉടമസ്ഥതയിലുള്ള എംവി വകാഷിയോ എന്ന കപ്പൽ സിങ്കപ്പൂരിൽ നിന്ന് ബ്രസീലിലേക്കുള്ള യാത്രയ്ക്കിടെ ജൂലായ് 25നാണ് മൗറീഷ്യൻ തീരത്ത് പവിഴപ്പുറ്റിലിടിച്ചത്. നാലായിരം ടൺ ഇന്ധനമാണ് കപ്പലിലുണ്ടായിരുന്നത്. കപ്പൽ ഇടിച്ചതിനെ തുടർന്ന് 1000 ടൺ എണ്ണയാണ് കടലിൽ ഒഴുകിയത്. കപ്പലിൽ നിന്ന് മൂവായിരത്തോളം ടൺ എണ്ണ പമ്പ് ചെയ്ത് മാറ്റിയിരുന്നു. ജപ്പാൻ, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇതിനായി മൗറീഷ്യസിന് സഹായങ്ങൾ നൽകിയിരുന്നു. തിരമാലയുടെ ശക്തിയിൽ ദിവസങ്ങൾക്ക് മുമ്പ് കപ്പൽ രണ്ടായി പിളരുകയും ചെയ്തു.
സിങ്കപ്പൂരിൽ നിന്ന് ബ്രസീലിലേക്ക് പോകുകയായിരുന്ന കപ്പൽ എന്തിനാണ് ദ്വീപിനോട് ഇത്ര അടുത്ത് വന്നതെന്ന് അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ദ്വീപിനോട് ചേർന്ന് പവിഴപ്പുറ്റുകൾ നിറഞ്ഞ ഭാഗത്ത് എണ്ണ ചോർന്നത് വൻ പാരിസ്ഥിതിക ദുരന്തമാണ് ഉണ്ടാക്കിയതെന്ന് മൗറീഷ്യസ് സർക്കാർ വാദിക്കുന്നത്. പവിഴപ്പുറ്റുകൾ നിറഞ്ഞ മൗറീഷ്യസ് തീരം സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്.