കണ്ണൂര്‍: മാവേലി എക്‌സ്പ്രസില്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായ എഎസ്ഐ എം സി പ്രമോദിന് സസ്‌പെന്‍ഷന്‍. ഇന്റലിജന്‍സ് എഡിജിപിയാണ് നടപടി സ്വീകരിച്ചത്. ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്രചെയ്തതിനു മാവേലി എക്‌സ്പ്രസിലെ യാത്രക്കാരനെ മര്‍ദിച്ചതില്‍ പൊലീസിന് വീഴ്ചപറ്റിയെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.
എഎസ്ഐ മനുഷ്യത്വ രഹിതമായി പെരുമാറിയെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് എസ്പി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ നടപടി. ട്രെയിനിലെ ടിടിഇയുടെ ആവശ്യപ്രകാരമാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ഇടപെട്ടത്. എന്നാൽ ട്രെ.യിനില്‍ നിന്ന് ഇറക്കുമ്പോള്‍ ചവിട്ടിയത് ഗുരുതരമായ തെറ്റാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ടിടിഇ കുഞ്ഞഹമ്മദിനോട് റെയില്‍വെ വിശദീകരണം തേടി. ഈ യാത്രക്കാരൻ മദ്യപിച്ചിരുന്നു എന്നും ശല്യം ചെയ്യുന്നതായി വനിതാ യാത്രക്കാര്‍ പരാതി നല്‍കിയിരുന്നുവെന്നുമാണ് ടിടിഇയുടെ വിശദീകരണം. വനിതാ യാത്രക്കാര്‍ ആവശ്യപ്പെട്ടിട്ടും മാറി ഇരുന്നില്ലെന്നും കുഞ്ഞഹമ്മദ് വ്യക്തമാക്കി.
സ്ലീപ്പര്‍ കംമ്പാര്‍ട്ട്‌മെന്റിലേക്ക് പരിശോധനയുമായി എത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു. സ്ലീപ്പര്‍ ടിക്കറ്റില്ലെന്നും ജനറല്‍ ടിക്കറ്റ് മാത്രമേയുള്ളു എന്ന് യാത്രക്കാരന്‍ മറുപടി നല്‍കി. കയ്യിലുള്ള ടിക്കറ്റ് എടുക്കാന്‍ പൊലീസുകാരന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇയാള്‍ ബാഗില്‍ ടിക്കറ്റ് തിരയുന്നതിനിടെയാണ് പൊലീസുകാരന്‍ ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തത്. തല്ലി വീഴ്ത്തുകയും നിലത്ത് വലിച്ചിട്ട് ബൂട്ട് കൊണ്ട് നെഞ്ചിന് ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വന്നതോടുകൂടിയാണ് അന്വേഷണം ആരംഭിച്ചത്. മാവേലി എക്‌സ്പ്രസ് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട സമയത്താണ് മര്‍ദ്ദനമുണ്ടായത്.