തിരുവനന്തപുരം: ചൂഷണത്തിന്റെയും അടിമത്തത്തിന്റെയും ചങ്ങലകൾ തകർത്തെറിഞ്ഞ് സ്വാതന്ത്ര്യവും സാഹോദര്യവും വാഴുന്ന ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തിന്റെ ചരിത്രമാണ് മേയ് ദിനം നമ്മെ ഓർമപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മേയ്ദിന സന്ദേശത്തിൽ പറഞ്ഞു. ഉദാത്തമായ മനുഷ്യസങ്കല്പമാണ് മേയ് ദിനം പകരുന്നത്. അതേറ്റെടുത്ത് മുന്നോട്ടു പോകാൻ നമുക്ക് സാധിക്കണം.
മനുഷ്യൻ മനുഷ്യനാൽ ചൂഷണം ചെയ്യപ്പെടാത്ത സമത്വസുന്ദരമായ ലോകത്തു മാത്രമേ ആ സങ്കല്പം അർഥപൂർണമാവുകയുള്ളൂ. വർഗീയതയും സങ്കുചിത ചിന്താഗതികളും അത്തരമൊരു ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തെ ദുർബലപ്പെടുത്തും. അങ്ങനെ ദുർബലപ്പെടുത്താൻ അനുവദിക്കില്ലെന്ന് ദൃഢനിശ്ചയം ചെയ്തുകൊണ്ട് മേയ് ദിനാഘോഷങ്ങൾ സാർഥകമാക്കാമെന്ന് മുഖ്യമന്ത്രി ആശംസിച്ചു.
വരേണ്യ വര്‍ഗത്തിന്റെ താത്പര്യങ്ങളിലേക്ക് മാത്രം ശ്രദ്ധയും കരുതലും ചുരുക്കുന്ന ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ ഈ വര്‍ത്തമാനകാലത്ത്, തൊഴിലും തൊഴിലിടങ്ങളും സംരക്ഷിക്കുകയെന്ന ചരിത്രപരമായ ദൗത്യം നിറവേറ്റാന്‍ ഒന്നിച്ചു മുന്നേറാമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു.