ആരോഗ്യത്തിന് ദോഷകരമായ 328 മരുന്നുസംയുക്തങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഈ മരുന്നുസംയുക്തങ്ങള്‍ ഉള്‍പ്പെട്ട പതിനായിരത്തോളം ബ്രാന്‍ഡഡ് മരുന്നുകള്‍ ഇനി നിര്‍മ്മിക്കാനോ വില്‍ക്കാനോ സാധിക്കില്ല. ഇതോടെ ഇന്ത്യന്‍ ഔഷധ നിര്‍മാണ മേഖലയില്‍ ഇതോടെ 1,500 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് കരുതുന്നത്.
ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും നിരോധിച്ച മരുന്നുകളുടെ വില്‍പന കര്‍ശനമായി തടയുമെന്നും സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍. ജലദോഷത്തിന് ഉപയോഗിക്കുന്ന വിക്സ് ആക്ഷന്‍ 500, പ്രമേഹമരുന്നായ ജെമര്‍ പി, അണുബാധയ്ക്ക് നല്കുന്ന നൊവാക്ളോക്സ്, തുടങ്ങിയവ ചേര്‍ന്നുവരുന്ന മുന്നൂറ്റി ഇരുപത്തെട്ട് മരുന്നു സംയുക്തങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നത്. ഇവയോരൊന്നും ഒറ്റയ്ക്കൊറ്റയ്ക്കല്ല, അശാസ്ത്രീയമായി നിര്‍മിച്ച കൂട്ടുകള്‍ക്കാണ് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്.
ഡോക്ടര്‍മാര്‍ മരുന്നുകുറിക്കുന്നതും ഉല്പാദനവും വില്പനയും കേന്ദ്ര ആരോഗ്യമന്ത്രാലയം നിരോധിച്ചിട്ടുണ്ട്. ഇതോടെ നാലായിരത്തോളം ബ്രാന്‍ഡഡ് മരുന്നുകള്‍ കമ്പനികള്‍ക്ക് മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നു പിന്‍വലിക്കേണ്ടിവരും. രാജ്യത്തു തന്നെ ഏറ്റവും വലിയ മരുന്നു വിപണികളിലൊന്നായ കേരളത്തില്‍ ഈ മരുന്നുകളുടെ മുന്നൂററി അമ്പത് കോടിയോളം രൂപയുടെ വില്‍പനയാണ് നടന്നിരുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം ലഭിച്ചാലുടന്‍ നടപടി തുടങ്ങുമെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ വ്യക്തമാക്കി.
രണ്ടോ അതിലധികമോ ഒൗഷധ ചേരുവകള്‍ ചേര്‍ത്തുണ്ടാക്കുന്നതാണ് മരുന്നു സംയുക്തങ്ങള്‍. ആരോഗ്യത്തിന് ദോഷകരമായ വിധത്തില്‍ മരുന്നുകള്‍ കൂട്ടിച്ചേര്‍ത്താണ് ഇവയുടെ നിര്‍മാണമെന്ന് ഇതേക്കുറിച്ച് പഠനം നടത്തിയ പ്രഫ ചന്ദ്രകാന്ത് കോകാടെ സമിതി കണ്ടെത്തിയിരുന്നു.