നയൻ താര ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മൂക്കുത്തി അമ്മനെ’തിരെ വിവാദ പരാമർശവുമായി തമിഴ് ബിഗ് ബോസ് മത്സരാർത്ഥിയും മോഡലുമായ മീര മിഥുൻ. മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത ആളുമായി പ്രണയബന്ധം വച്ച നയന്‍താരയാണ് ദൈവമായ അമ്മനെ അവതരിപ്പിക്കുന്നതെന്നും നയന്‍താര ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അപമാനകരമാണെന്നും മീര മിഥുന്‍ ട്വീറ്റ് ചെയ്തു.
“വിവാഹിതനായ ഒരു പുരുഷനുമായി പ്രണയബന്ധമുണ്ടായിരുന്ന സ്ത്രീയാണ് ഹിന്ദു ദൈവമായ അമ്മനെ അവതരിപ്പിക്കുന്നത്. അവർക്ക് അമ്മൻ ആരാണെന്നെങ്കിലും അറിയുമോ? ഈ വിവേക ശൂന്യവും നാണംകെട്ടതുമായ കാസ്റ്റിങ് നമ്മുടെ ഹിന്ദു ദൈവത്തെ അപമാനിക്കുന്നതാണ്. തമിഴ്‌നാട്ടിൽ മാത്രമേ ഇങ്ങനെ നടക്കുകയുള്ളൂ. തമിഴ് നേതാക്കൾ ഒരക്ഷരം പോലും മിണ്ടാൻ പോവുന്നില്ല”, മീര മിഥുൻ ട്വീറ്റ് ചെയ്തു.
അതേസമയം, നയന്‍താര ആരാധകര്‍ മീര മിഥുനിനെതിരെ രംഗത്തെത്തി. സിനിമയും ഭക്തിയും തമ്മിലുള്ള വ്യത്യാസം ജനങ്ങള്‍ക്ക് നന്നായി അറിയാമെന്നും ഇത് തമ്മിൽ കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും അവർ വ്യക്തമാക്കുന്നു. നയൻതാര ദേവി വേഷത്തിലെത്തുന്ന മുക്കുത്തി അമ്മൻ സംവിധാനം ചെയ്യുന്നത് ആർ.ജെ. ബാലാജിയാണ്. ബാലാജി തന്നെയാണ് ചിത്രത്തിൽ നയൻസിനൊപ്പം പ്രധാനവേഷത്തിൽ അഭിനയിക്കുന്നതും. ആർ ജെ ബാലാജിയും, എൻ ജെ ശരവണനും ചേർന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇരുവരും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ആര്‍ജെ ബാലാജിക്കൊപ്പം എന്‍ ജെ ശരവണന്‍ കൂടി ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂക്കുത്തി അമ്മൻ. ഉര്‍വ്വശി, സ്‍മൃതി വെങ്കട്ട്, അജയ് ഘോഷ്, ഇന്ദുജ രവിചന്ദ്രന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡയറക്ട് ഒടിടി റിലീസ് ആയി ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക. ദീപാവലി റിലീസ് ആണ്.
ചിത്രത്തിൽ ദേവിയുടെ വേഷം അവതരിപ്പിക്കുന്നതിനാൽ ഷൂട്ട് തീരും വരെ നയൻതാര വെജിറ്റേറിയനായിരുന്നെവെന്ന് അണിയറപ്രവർത്തകർ പറഞ്ഞിരുന്നു. സിനിമയുടെ ചിത്രീകരണത്തിനു മുൻപ് കന്യാകുമാരിയിലെ പ്രശസ്ത ക്ഷേത്രങ്ങളിൽ കാമുകനും സംവിധായകനുമായ വിഘ്നേഷിനൊപ്പം സന്ദര്‍ശനം നടത്തിയിരുന്നു. തിരുചെന്തൂർ ക്ഷേത്രത്തിലും ഷൂട്ടിന് മുൻപ് ഇരുവരും ദർശനം നടത്തിയിരുന്നു. മൂക്കുത്തി അമ്മനാകാൻ നയൻതാര 40 ദിവസത്തെ ഉപവാസം അനുഷ്ഠിക്കുകയും മത്സ്യ മാസാഹാരങ്ങൾ വര്‍ജ്ജിക്കുകയും ചെയ്തു.
ബിഗ് ബോസ് തമിഴ് സീസൺ മൂന്നിലെ മത്സരാർത്ഥി ആയിരുന്നു മീര മിഥുൻ. നേരത്തെയും തമിഴിലെ പല താരങ്ങള്‍ക്കെതിരെയും ആരോപണങ്ങള്‍ നടത്തിയിട്ടുണ്ട്. തമിഴ്സെല്‍വി മണി എന്നാണ് മീരയുടെ യഥാര്‍ത്ഥ പേര്. വിജയ്, രജനികാന്ത് തുടങ്ങിയവർ തനിക്കെതിരേ അപകീർത്തിപരമായ കാര്യങ്ങൾ പറഞ്ഞു പരത്തി എന്നതായിരുന്നു മീരയുടെ ആരോപണങ്ങളിലൊന്ന്. ആരാധകരെ ഉപയോഗിച്ച് ട്വിറ്ററിലടക്കം വിജയ് തനിക്കെതിരേ അശ്ലീല പരാമർശങ്ങൾ നടത്തുകയാണെന്നും തന്നെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്നും ഇവർ പറഞ്ഞു. നടി തൃഷ തന്നെ വർഷങ്ങളായി വേട്ടയാടുകയാണെന്നും തന്റെ വേഷങ്ങൾ തൃഷ തട്ടിയെടുത്തുവെന്നും ഇവർ ആരോപിച്ചു. നടൻ സൂര്യയ്ക്കെതിരേയും മീര രംഗത്തെത്തിയിരുന്നു.