പാലക്കാട്: ഒരു കിലോ സ്വർണവും 16 കിലോ കഞ്ചാവും കടത്താൻ ശ്രമിച്ച യുവാക്കൾ റെയിൽവേ സ്‌റ്റേഷനിൽ നിന്നും ആർ.പി എഫ് കുറ്റാന്വേഷണ സംഘത്തിന്റെ പിടിയിൽ. രണ്ട് കോഴിക്കോട് സ്വദേശികൾ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തിയ സ്വർണവും തൃശൂർ സ്വദേശി കടത്തിയ കഞ്ചാവുമാണ് ആർ.പി.എഫ് കുറ്റാന്വേഷണ വിഭാഗം പിടികൂടിയത്. കഴിഞ്ഞ ഒന്നര മാസത്തിനിടെ അറുപത്തി നാല് കിലോ കഞ്ചാവാണ് പാലക്കാട് റെയിൽവേ സ്‌റ്റേഷനിൽ നിന്നും ഇതുവരെ പിടികൂടിയത്.
കോഴിക്കോട് കുന്ദമംഗലം ഭാഗത്തു നിന്നും വരുന്ന ഹബീബ് റഹ്മാൻ, പി ഇ മിഥുൻ എന്നിവരെയാണ് സ്വർണം കടത്തിയതിന് ആർ.പി.എഫ് കുറ്റാന്വേഷണ വിഭാഗം പിടികൂടിയത്. ഇരുവരും സ്വർണം ഗർഭ നിരോധന ഉറകളിൽ പൊതിഞ്ഞ് ക്യാപ്‌സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചായിരുന്നു കടത്താൻ ശ്രമിച്ചത്. ദിണ്ഡിഗലിൽ നിന്നുമാണ് ഇവർ തീവണ്ടിയിൽ കയറി പറ്റിയത്. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നിന്നും സ്വർണം കേരളത്തിലേക്ക് കടത്താനായിരുന്നു ഇവർ പദ്ധതിയിട്ടത്. ഇവർക്ക് ആരാണ് സ്വർണം നൽകിയത് എന്ന കാര്യം അന്വേഷിച്ചുവരികയാണ്.
ചെന്നൈ മംഗലാപുരം എക്‌സ്പ്രസിൽ നിന്നും പാലക്കാട് ഇറങ്ങിയ ആളിൽ നിന്നുമാണ് ആർ.പി.എഫ് അന്വേഷണ സംഘം കഞ്ചാവ് പിടികൂടിയത്. തൃശൂർ അരണാട്ടുകര സ്വദേശി ലിബിനാണ് പിടിയിലായിട്ടുള്ളത്. സേലത്ത് നിന്നും കഞ്ചാവുമായി ട്രെയിനിൽ കയറിയ ലിബിൻ പാലക്കാട് റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങി തൃശ്ശൂരിലേക്ക് ബസ് മാർഗം പോകാൻ ശ്രമിക്കുന്നതിനിടെയാണ് ആർ.പി.എഫ് ഇയാളെ പിടികൂടിയത്. ഇയാളുടെ കൈവശമായുണ്ടായിരുന്ന കഞ്ചാവിന് വിപണിയിൽ പത്ത് ലക്ഷത്തിലേറെ രൂപ വിലയുണ്ട്. ബംഗളൂരുവിൽ ഫാഷന്‍ ഡിസൈനിംഗ് വിദ്യാർത്ഥിയായിരുന്ന ലിബിൻ മുൻപും കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കൾ കടത്തിയിയിരുന്നു.