മില്‍മ പാലിന് ലിറ്ററിന് നാല് രൂപ വീതം വർദ്ധിപ്പിച്ചു; വിലയില്‍ 83.75 ശതമാനവും കര്‍ഷകര്‍ക്ക്

0

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കാന്‍ തീരുമാനം. എല്ലാ ഇനം പാലിനും ലിറ്ററിന് നാലു രൂപ വീതം കൂടും. മന്ത്രി കെ.രാജുവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് സുപ്രധാന തീരുമാനമുണ്ടായത്. സെപ്റ്റംബര്‍ 21 മുതല്‍ വര്‍ധന നിലവില്‍ വരും.

അഞ്ചുമുതല്‍ ഏഴുരൂപവരെ വര്‍ധിപ്പിക്കണമെന്നാണ് മില്‍മ ആവശ്യപ്പെട്ടത്‌. എന്നാല്‍ നാല് രൂപ വര്‍ധിപ്പിച്ചാല്‍ മതിയെന്ന് സര്‍ക്കാര്‍ നിലപാട് എടുക്കുകയായിരുന്നു. കൂട്ടുന്ന വിലയില്‍ 83.75 ശതമാനവും കര്‍ഷകര്‍ക്ക് ലഭിക്കും. ഇതനുസരിച്ച് 3 രൂപ 35 പൈസ കര്‍ഷകര്‍ക്ക് അധികമായി കിട്ടും.

അതേസമയം, പുതിയ തീരുമാനത്തോടെ രാജ്യത്ത് പാലിന് ഏറ്റവും കൂടുതൽ വില ഈടാക്കുന്ന സംസ്ഥാനമെന്ന ഖ്യാതിയും കേരളം നിലനിറുത്തി. ഇപ്പോൾ ലിറ്ററിന് 46 മുതൽ 48 രൂപ വരെയാണ് കേരളത്തിലെ പാൽവില. തമിഴ്‌നാട്ടിൽ ലിറ്ററിന് 21 രൂപയേ ഉള്ളൂ.

2017 ലാണ് അവസാനം പാൽ വില കൂട്ടിയത്. അന്ന് ലിറ്ററിന് നാലുരൂപ കൂട്ടിയപ്പോൾ 3.35 രൂപയാണ് കർഷകന് നൽകിയത്. പാൽ വില വർദ്ധിച്ചതോടെ നെയ്യ്, വെണ്ണ അടക്കമുള്ള പാൽഉത്പന്നങ്ങൾക്കും വില കൂടും. സര്‍ക്കാര്‍ ഫാമുകളില്‍ ഇതിനകം പാല്‍ വില കൂടിയിട്ടുണ്ട്. ഫാമുകളില്‍ നാലുരൂപ വര്‍ധിച്ച് 46 രൂപയാണ് പുതിയ നിരക്ക്.