പാൽ വില വർധന നാളെ മുതൽ പ്രാബല്യത്തിൽ; പുതിയ വില ഇങ്ങനെ

0

തിരുവനന്തപുരം: മിൽമ പാൽ വിലവർധന നാളെമുതൽ പ്രാബല്യത്തിൽ. ഓരോ ഇനത്തിനും ലിറ്ററിന് ആറ് രൂപയാണ് കൂടുന്നത്. തൈരിനും വില കൂടും. ആവശ്യക്കാർ കൂടുതലുള്ള നീല കവർ ടോൺഡ് പാലിന് ലിറ്ററിന് 52 രൂപയായിരിക്കും നാളെ മുതൽ വില.

നിലവിലെ വിലയേക്കാൾ ഏകദേശം അഞ്ചുരൂപ മൂന്നുപൈസയാണ് കർഷകന് കൂടുതലായി ലഭിക്കുക. 3 ശതമാനം കൊഴുപ്പും 8.5 ശതമാനം കൊഴുപ്പിതരഘടകങ്ങളും ഉള്ള പാലിന് 5.25 രൂപ ക്ഷീരകർഷകന് അധികമായി ലഭിക്കും. ​ഗുണനിലവാരമനുസരിച്ച് 38.40 രൂപമുതൽ 43.50 രൂപ വരെയാണ് ലിറ്ററിന് ലഭിക്കുക. നാളെ മുതൽ കവറിൽ പുതുക്കിയവില പ്രിന്‍റ് ചെയ്യുമെന്ന് മിൽമ അറിയിച്ചു. പാൽ ഉപയോഗിച്ച് മിൽമ നിർമിക്കുന്ന മറ്റ് ഉൽപന്നങ്ങൾക്കും വരും ദിവസങ്ങളിൽ വില വർധിക്കും.

പുതിയ വില ഇങ്ങനെ (ലിറ്ററിൽ):

ഇളം നീല പായ്ക്കറ്റ് (ടോൺഡ് മിൽക്ക്) – 50 രൂപ (പഴയ വില 44 രൂപ)

കടുംനീല പായ്ക്കറ്റ് (ഹോമോജിനൈസ്ഡ് ടോൺഡ് മിൽക്ക്) – 52 രൂപ (പഴയ വില 46രുപ)

പശുവിൻപാൽ (കൗ മിൽക്ക്) – 56 രൂപ (പഴയ വില 50 രൂപ)

വെള്ള പായ്ക്കറ്റ് (ഹോമോജിനൈസ്ഡ് ടോൺഡ് മിൽക്ക് ) – 56രൂപ (പഴയ വില 50 രൂപ)