കൃത്രിമ വിലക്കയറ്റം അനുവദിക്കില്ല; ഓണ കിറ്റ് എല്ലാവർക്കും കൃത്യസമയത്ത് ലഭ്യമാക്കും; മന്ത്രി ജി.ആർ അനിൽ

0

കോട്ടയം: സർക്കാരിന്‍റെ ഓണ കിറ്റ് എല്ലാവർക്കും കൃത്യസമയത്ത് ലഭ്യമാക്കുമെന്ന് മന്ത്രി ജി.ആർ അനിൽ. സെർവർ തകരാർ ഒറ്റപ്പെട്ട സംഭവമാണെന്നും കിറ്റ് വിതരണത്തിൽ ആശങ്ക വേണ്ടന്നും മന്ത്രി പറഞ്ഞു.

കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ റേഷൻകടയിൽ എത്തിയത് കഴിഞ്ഞ ഓഗസ്റ്റ് 25, 26 തീയതികളിലായിരുന്നു. ശരാശരി 9.5 ലക്ഷം പേർ ഒരു ദിവസം കിറ്റ് വാങ്ങിയെന്നും അദ്ദേഹം കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന മുഖാമുഖം പരിപാടിയിൽ പറഞ്ഞു.

സംസ്ഥാനത്ത് ഓണക്കാലത്തെ കൃത്രിമ വിലക്കയറ്റം അനുവദിക്കില്ല. 9000 കോടി രൂപയാണ് വിലക്കയറ്റം പിടിച്ചുനിർത്താൻ സംസ്ഥാന സർക്കാർ കഴിഞ്ഞ ആറു വർഷം കൊണ്ട് ചെലവഴിച്ചിട്ടുള്ളത്. ഈ രംഗത്ത് ശക്തമായ നടപടി എല്ലാ കാലത്തും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അവശ്യസാധന നിയമം കേന്ദ്രം ദുർബലപ്പെടുത്തിയതോടെ സംസ്ഥാനത്തിന് ഈ വിഷയത്തിൽ നാമമാത്രമായ പിഴ മാത്രം ഈടാക്കുവാനേ സാധിക്കുന്നുള്ളൂവെന്നും മന്ത്രി സൂചിപ്പിച്ചു.

അതേസമയം പൊതുവിതരണ രംഗത്ത് കേന്ദ്ര സർക്കാർ മുൻകാലങ്ങളിൽ കേരളത്തോട് സ്വീകരിച്ചിരുന്ന ഉദാര സമീപനങ്ങളിൽ മാറ്റം വന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. 20,000 മെട്രിക് ടൺ അരിയുടെ കുറവാണ് സംസ്ഥാനത്തിന് വർഷം ഉണ്ടാകുന്നത്. ഗോതമ്പും ഏറെക്കുറെ നിർത്തലാക്കി. 14,300 മത്സ്യ ബന്ധന ബോട്ടുകൾക്ക് സബ്സിഡി നിരക്കിൽ മണ്ണെണ്ണ നൽകണമെന്ന സംസ്ഥാനത്തിന്‍റെ ആവശ്യവും കേന്ദ്ര സർക്കാർ തിരസ്കരിച്ചുവെന്ന് മന്ത്രി പറഞ്ഞു.