വിവാഹവും വിവാദവും

0

അയ്യങ്കാളിയുടെ ജന്മദിനത്തിൽ ദളിത് വിഭാഗത്തിൽ നിന്നും ഉയർന്നു വന്ന ഒരു നേതാവിൻ്റെ പ്രസ്താവന കേരളം ഭയാശങ്കകളോടെ നോക്കിക്കാണേണ്ടി വരുന്നത് അപമാനകരമാണ്. സ്വന്തം പാർട്ടിയിൽ പാർശ്വവൽക്കരിക്കപ്പെടാൻ ഇടയുണ്ടെന്ന് കരുതുന്ന ഒരാൾ വാർത്തകളുടെ വെള്ളിവെളിച്ചത്തിൽത്തന്നെ നിൽക്കാനുള്ള ചെപ്പടി വിദ്യയായി മാത്രമേ കൊടിക്കുന്നിൽ സുരേഷ് എന്ന കോൺഗ്രസ്സ് നേതാവിൻ്റെ പ്രസ്താവനയെ പരിഗണിക്കാൻ കഴിയുകയുള്ളൂ.

പിണറായി വിജയൻ തൻ്റെ മകളെ ആർക്കാണ് കല്യാണം കഴിച്ചു കൊടുക്കേണ്ടതെന്ന ഖണ്ഡിതമായ അഭിപ്രായ പ്രകടനമാണ് കൊടിക്കുന്നിൽ നടത്തിയിട്ടുള്ളത്. അത് വഴി മാത്രമേ നവോത്ഥാനം സാർത്ഥകമായിത്തീരുകയുള്ളൂ എന്നതാണ് സുരേഷിൻ്റെ പണ്ഡിതമതം.

മൈക്ക് കിട്ടുമ്പോൾ എന്തും വിളിച്ചു പറയാമെന്ന് കരുതിയ സുരേഷ് മറന്നു പോയ യാഥാർത്ഥ്യമുണ്ട്. പിണറായി വിജയൻ്റെ മകളുടെ കല്യാണം ആരുമായി വേണമെന്ന് തീരുമാനിക്കേണ്ടത് എത്ര ഉന്നതനായാലും സുരേഷ് അല്ല എന്ന ലളിതമായ വസ്തുത. അതിനുള്ള അവകാശം പിണറായി വിജയന് പോലുമില്ല എന്നതാണ് യാഥാർത്ഥ്യം. ഒരു മുതിർന്ന വ്യക്തിയെന്ന നിലയിൽ അതിൻ്റെ അവകാശം ആ പെൺകുട്ടിക്ക് മാത്രമാണ്. സുരേഷിന് മകളുണ്ടെങ്കിൽ ഇതേ കാര്യം തന്നെയാണ് ബാധകം.

അധികാര കസേരയോട് ആർത്തി പൂണ്ടിരിക്കുന്ന ഒരാൾക്ക് എന്തും പറയാം. എന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ ബാനറിലാകരുത് എന്ന സാമാന്യ ബുദ്ധിയെങ്കിലും സുരേഷ് കാണിക്കേണ്ടതായിരുന്നു. കെ.ആർ നാരായണൻ രാഷ്ട്രപതി സ്ഥാനം അലങ്കരിച്ച നാടാണ് നമ്മുടെത്. ദളിതനെ സംവരണ മണ്ഡലത്തിലല്ലാതെ, ജനറൽ സീറ്റിൽ മത്സരിപ്പിച്ച് പാർലമെൻറിലേക്ക് പറഞ്ഞയച്ച നാടാണ് കേരളം. അയ്യങ്കാളി ആഗ്രഹിച്ചിരുന്നതും പ്രവർത്തിച്ചിരുന്നതും അധസ്ഥിതനെ മനുഷ്യനാക്കാനായിരുന്നു. അല്പനെ അതിമാനുഷ നാക്കാനായിരുന്നില്ല.

അയ്യങ്കാളിയുടെ ജന്മദിനത്തിൽ ഇങ്ങനെ ഒരു പ്രസ്താവന ഉണ്ടാകാൻ പാടില്ലായിരുന്നു. നവോത്ഥാനത്തിൻ്റെ ഒരു നാമ്പ് പോലും സുരേഷിൽ ഉണ്ടായിട്ടില്ലെന്നതാണ് വസ്തുത. അതിമാനുഷ നാകാനുള്ള സുരേഷിൻ്റെ അമിതമായ ആഗ്രഹം രാഷ്ട്രീയ പ്രവർത്തകന് യോജിച്ചതുമല്ല. ശാലു മേനോൻ്റെ വീട്ടിലെ കരിക്കു കുടിയല്ല നവോത്ഥാനത്തിൻ്റെ സൂചകം.