നാളെ കേരളത്തിലെ കോടതിയിൽ അഭിഭാഷകയായിത്തീരേണ്ട മൊഫിയ പർവീൺ എന്ന പെൺകുട്ടിയുടെ ദാരുണമായ അന്ത്യം കേരളത്തിന് അപമാനമാണ്. വർത്തമാന കേരളം നമ്മോട് പറയുന്നത് കേരളം പെൺകുട്ടികൾക്ക് ജീവിക്കാൻ പറ്റാത്ത ഒരിടമായി മാറിത്തീരുന്നു എന്ന് തന്നെയാണ്.
ഉത്തര കൊലപാതക കേസിലെ പോലീസ് അന്വേഷണത്തിൻ്റെ രീതിയും അന്വേഷണ ഉദ്യോഗസ്ഥൻ്റെ സമീപനവും കേരളം കണ്ടതാണ്. ഇന്നലെ വരെ വാർത്തകളിൽ നിറഞ്ഞു നിന്ന അനുപമ എന്ന യുവതിയോടുള്ള ശിശുക്ഷേമ സമിതിയുടെ നിലപാടും നാം കണ്ടറിഞ്ഞതാണ്.
മൊഫിയ പർവീൺ എന്ന മിടുക്കിയായ നിയമ വിദ്യാർത്ഥിനി ജീവനൊടുക്കേണ്ടി വന്നത് ഒരു പോലീസുദ്യോഗസ്ഥൻ്റെ നിലപാട് കാരണമാണെന്ന് അറിയുമ്പോൾ നിസ്സഹായരായി നോക്കി നിൽക്കാനെ കേരളത്തിന് കഴിയുന്നുള്ളുവെന്നത് ഗൗരവമായി ആലോചിക്കേണ്ട വിഷയം തന്നെയാണ്.
നിയമ വാഴ്ച ഉറപ്പു വരുത്തേണ്ട സ്ഥാപനങ്ങളും ഉദ്യോഗസ്ഥന്മാരും അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കേന്ദ്രങ്ങളായി മാറിത്തീരുമ്പോൾ അതിനെതിരെ ചെറുവിരലനക്കാൻ പോലും ഭരണാധികാരികൾക്ക് കഴിയുന്നില്ലെങ്കിൽ ഗവേണൻസ് എന്ന വാക്കിന് നമുക്ക് പുതിയ അർത്ഥം അന്വേഷിച്ച് കണ്ടെത്തേണ്ടി വരും. ഭരണകർത്താക്കൾ ലജ്ജിച്ച് തല താഴ്ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.