മലയാള സിനിമയിലെ അഭിനയ ചക്രവര്‍ത്തി മോഹന്‍ലാലിന് ഇന്ന് അറുപതാം പിറന്നാൾ. സിനിമാലോകത്തെ പ്രമുഖരും, ആരാധകരുമടക്കം നിരവധിപേരാണ് ലാലേട്ടന് പിറന്നാൾ ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.
മികച്ച നടനുള്ള രണ്ട് പുരസ്ക്കാരങ്ങളടക്കം നാലു ദേശീയ അവാർഡുകൾ. 9 സംസ്ഥാന ബഹുമതികൾ. പത്മശ്രീ. പത്മഭൂഷൻ എന്നിങ്ങനെ ഒട്ടനവധി അംഗീകാരങ്ങളാണ് നാലു പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തിലൂടെ മോഹന്‍ലാല്‍ സ്വന്തമാക്കിയത്.
എന്നാൽ ഈ പുരസ്കാരങ്ങള്‍ക്ക് അതീതമാണ് ലാലേട്ടന്റെ നടന ശൈലി, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലൂടെ ഷാളും കൂളിംഗ് ഗ്ലാസുമണിഞ്ഞെത്തിയ വില്ലൻ പിന്നെ അനന്യസാധാരണ അഭിനയസിദ്ധിയാൽ മലയാളക്കരയുടെ അഭിമാനമായി മാറുകയായിരുന്നു. ഏതു കഥാപാത്രവും തനിക്ക് അനായാസം വഴങ്ങുന്നതാണെന്ന് അദ്ദേഹം തന്റെ അഭിനയ മികവുകൊണ്ട് തെളിയിച്ചു കഴിഞ്ഞു.
1960 മെയ് 21 പത്തനംതിട്ടയിലെ ഇലന്തൂരില്‍ വിശ്വനാഥന് നായരുടെയും ശാന്തകുമാരിയുടെയും മകനായി മോഹന്‍ ലാലിന്റെ ജനനം. മുടവന്മുകള് എന്ന സ്ഥലത്തെ തറവാട്ടു വീട്ടിലായിരുന്നു കുട്ടിക്കാലം ചിലവിട്ടത്. മുടവന്മുകളിലുള്ള ഒരു ചെറിയ സ്കൂളിലാണ് മോഹന്‍ലാല്‍ തന്റെ വിദ്യാഭ്യാസം ആരംഭിക്കുന്നത്. പ്രിയദര്ശന്, എം.ജി. ശ്രീകുമാര്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ സഹപാഠികള്‍ ആയിരുന്നു. ഉപരിപഠനം തിരുവനന്തപുരത്തെ എം.ജി കോളേജില്‍ ആയിരുന്നു. കോളേജില്‍ ഒപ്പമുണ്ടായിരുന്ന പലരും, പ്രത്യേകിച്ചു പ്രിയദര്ശന്, മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ നിര്‍ണായക പങ്കുവഹിച്ചതിനൊപ്പം മലയാള സിനിമയില്‍ സ്വന്തമായ സ്ഥാനം ഉറപ്പിച്ചവരുമാണ്.
1978 ൽ പുറത്തിറങ്ങിയ തിരനോട്ടം എന്ന ചിത്രത്തിലാണ് ആദ്യമായി മോഹൻലാൽ അഭിനയിച്ചത്. ഒരു ഹാസ്യകഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങള്‍ മൂലം ഈ ചിത്രം പുറത്തിറയില്ല. വില്ലൻ സങ്കല്‍പ്പങ്ങളുടെ നെറുകയിൽ ചവിട്ടി ആയിരുന്നു മോഹൻലാൽ എന്ന നടന വിസ്മയം മലയാള സിനിമയില്‍ സ്ഥാനം പിടിച്ചത്. മഞ്ഞില്‍ വിരിഞ്ഞപൂവ് പുറത്തിറങ്ങുമ്പോൾ ലാലേട്ടന് പ്രായം ഇരുപതുവയസ്സായിരുന്നു. വ്യത്യസ്തമായ ആവിഷ്കാര ശൈലികൊണ്ട് ആ ചിത്രവും നരേന്ദ്രനും മലയാളസിനിമയിൽ ഒരു പുതിയ ചരിത്രത്തിനു തന്നെ തിരികൊളുതുകയായിരുന്നു.
പിന്നീടങ്ങോട്ട് നായകനും സഹനടനും വില്ലനുമായി വെള്ളിത്തിരയില്‍ തിളക്കമാര്‍ന്ന പ്രകടനം തന്നെ ലാൽ കാഴ്ചവെച്ചു. മംഗലശ്ശേരി നീലകണ്ഠനും, ആടുതോമയും, വിഷ്ണുവും, മണ്ണാറത്തൊടിയിലെ ജയകൃഷ്ണനും, കിരീടത്തിലെ സേതുമാധവനും,നാടോടിക്കാറ്റിലെ ദാസനും, കണിമംഗലത്ത ജഗന്നാഥനും, സോഫിയയെ സ്നേഹിച്ച സോളമനും, നാഗവല്ലിയെ തളച്ച ഡോക്ടർ സണ്ണിയും, ‘വാനപ്രസ്ഥ’ത്തിലെ കുഞ്ഞിക്കുട്ടനും അങ്ങനെ അങ്ങനെ മലയാളിയുടെ ഞരമ്പിൽ ആവേശത്തിന്റെ തിരയിളക്കം സൃഷ്ട്ടിച്ച ഒട്ടനവധി കഥാപാത്രങ്ങളെ ലാലേട്ടൻ നമുക്ക് സമ്മാനിച്ചു.1980-90കളിലെ മലയാളികളുടെ ബാല്യത്തെയും കൌമാരത്തെയും യൌവനത്തെയും ഉത്സവങ്ങളാക്കി മാറ്റിയത് ലാലേട്ടന്റെ ഈ കഥാപാത്രങ്ങളാണെന്ന് പറയാതെ വയ്യ.
അഭിനയ ജീവിതത്തില്‍ 4 പതിറ്റാണ്ട് പിന്നിടുമ്പോള്‍ മോഹന്‍ലാല്‍ എന്ന പേര് ഒരു വലിയ ബ്രാന്‍ഡാണ്. ബോക്സ് ഓഫീസ് കണക്കുകള്‍ പരിശോധിച്ചു നോക്കിയാല്‍ റെക്കോഡുകള്‍ സൃഷ്ടിക്കുന്നതും തകര്‍ക്കുന്നതും മോഹന്‍ലാല്‍ ചിത്രങ്ങളാണ്. 100 കോടി ക്ലബ് എന്ന് മലയാള സിനിമ പറയാനും കേള്‍ക്കാനും തുടങ്ങിയത് മോഹല്ലാലിലൂടെയാണ്. ആദ്യമായി 100 കോടി ക്ലബില്‍ ഇടം നേടുന്ന മലയാള ചിത്രം മോഹന്‍ലാലിന്റെ പുലിമുരുഗനാണ്. വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം പുറത്തിറങ്ങിയത് 2016-ലാണ്. ലാലേട്ടനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ 200 കോടിയാണ് നേടിയത്.
മലയാളക്കരയുടെ സ്വകാര്യ അഹങ്കാരം തന്നെയാണ് ലാലേട്ടൻ. ഇന്ത്യൻ സിനിമയ്ക്ക് കേരളം നല്കിയ വിലപ്പെട്ട സമ്മാനം എന്ന് തന്നെ ഒട്ടും സങ്കോചമില്ലാതെ പറയാം.മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ആരാധകർക്കും ഏറെ പ്രിയങ്കരനാണ് ലാലേട്ടൻ. രാംഗോപാല്‍ വര്‍മ സംവിധാനം ചെയ്ത ‘കമ്പനി’, മണിരത്നം ഒരുക്കിയ ‘ഇരുവര്‍’ തുടങ്ങിയവയാണ് മോഹന്‍ലാലിന്റെ ശ്രദ്ധേയമായ അന്യഭാഷാ ചിത്രങ്ങള്‍.
എം.ജി.ആര്-കരുണാനിധി-ജയലളിത എന്നിവരുടെ ജീവിതത്തിന്റെ അംശങ്ങള്‍ പകര്‍ത്തിയ ‘ഇരുവറി’ല്‍ ആനന്ദന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മോഹന്‍ലാല്‍ അവിസ്മരണീയമായ പ്രകടനമാണ് കാഴ്ച വച്ചത്. പ്രകാശ് രാജ്, ഐശ്വര്യ റായ്, തബു, രേവതി, നാസര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാനവേഷങ്ങളില്‍ എത്തിയത്. 13 തവണ ദേശീയ പുരസ്കാരങ്ങള്‍ മോഹന്‍ലാലിന് കൈയ്യെത്തും ദൂരത്ത് നിന്ന് നഷ്ടമായങ്കിലും 40 വർഷം നീണ്ട അഭിനയ ജീവിതത്തിൽ നിരവധി അംഗീകാരങ്ങൾ അദ്ദേഹം വാരിക്കൂട്ടി.
ഈ ലോക്ക്ഡൌണ്‍ കാലത്തും പ്രിയതാരത്തിന്റെ ജന്മദിനം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകർ. ആരാധകര്‍ക്ക് പിറന്നാള്‍ മധുരമായി ജീത്തു ജോസഫിനൊപ്പം ദൃശ്യത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചുകഴിഞ്ഞു ലാലേട്ടന്.. പിറന്നാള്‍ ദിനത്തില്‍ ചെന്നൈയിലെ വീട്ടില്‍ ഭാര്യക്കും മക്കള്‍ക്കുമൊപ്പമാണ് മോഹന്‍ലാല്‍ ഉള്ളത്.
അസാമാന്യമായ അഭിനയത്തിന്റെ മിന്നലാട്ടങ്ങൾ കൊണ്ട് ഒട്ടനനവധി ജീവൻ തുളുമ്പുന്ന കഥാപാത്രങ്ങലേ സമ്മാനിച്ച് മുന്നൂറിലേറെ വേഷങ്ങൾ പിന്നിട്ട് അറുപതിൻ്റെ നിറവിലെത്തിയ പ്രിയനടനിൽ നിന്നും ആരാധകർ ഇനിയുമേറെ പ്രതീക്ഷിക്കുന്നു….