‘രണ്ടാമൂഴം’ത്തിന്റെ ചിത്രീകരണം അടുത്ത വര്‍ഷം ജൂലൈയില്‍ ആരംഭിക്കും

1

സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന ‘രണ്ടാമൂഴം’ സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം ജൂലൈയില്‍ ആരംഭിക്കും. എം.ടി.വാസുദേവന്‍ നായരുടെ എക്കാലത്തെയും മികച്ച നോവലായ ‘രണ്ടാമൂഴം’ അതേ പേരില്‍ തന്നെ സിനിമയാക്കുന്നത് വി.എ.ശ്രീകുമാര്‍ മേനോനാണ്. ഒടിയനു ശേഷം മോഹന്‍ലാലും ശ്രീകുമാര്‍ മേനോനും ഒരുമിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ തിരക്കഥ എം.ടി.വാസുദേവന്‍ നായരുടേതാണ്.

ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലും വിദേശത്തുമുള്ള പ്രമുഖതാരങ്ങളെല്ലാം അണിനിരക്കും. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ഏകദേശം പൂര്‍ത്തീകരിച്ചിട്ടുണ്ട്. 1000 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ഏഷ്യയിലെ ഏറ്റവും വലിയ ചിത്രമായാണ് രണ്ടാമൂഴം അണിയറയിലൊരുങ്ങുന്നത്.

പാലക്കാട് – കോയമ്പത്തൂര്‍ റൂട്ടില്‍ 100 ഏക്കറില്‍ ചിത്രത്തിനായി ബ്രഹ്മാണ്ഡ സെറ്റൊരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രീകരണത്തിനു ശേഷം ഈ സ്ഥലം ‘മഹാഭാരത സിറ്റി’ എന്ന പേരില്‍ മ്യൂസിയമാക്കും. സിനിമയുടെ സ്‌ക്രിപ്റ്റ് മൂന്നര മാസം കൊണ്ടാണ് എം .ടി.വാസുദേവന്‍ നായര്‍ എഴുതിതീര്‍ത്തിരിക്കുന്നത്. ആയിരം കോടി ബജറ്റില്‍ രണ്ടു ഭാഗങ്ങളിലായാണ് രണ്ടാമൂഴം ഒരുങ്ങുന്നത്. ആദ്യഭാഗം പുറത്തെത്തി 100 ദിവസത്തിനുള്ളില്‍ രണ്ടാം ഭാഗം റിലീസ് ചെയ്യാനാണ് പദ്ധതി. 

മലയാളവും ഹിന്ദിയും ഇംഗ്ലീഷുമുള്‍പ്പെടെ അഞ്ച് ഭാഷകളിലായിട്ടാണ് സിനിമ എത്തുകയെന്നാണ് വിവരം. ഇംഗ്ലീഷ് പതിപ്പിനുവേണ്ടി പ്രാഥമികമായ പരിഭാഷയും എംടിയാണ് ചെയ്തതെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു. അഞ്ച് പതിപ്പുകളില്‍ മൂന്നെണ്ണമെങ്കിലും പരിഭാഷകളല്ലാത്ത ഒറിജിനല്‍ മാസ്റ്റര്‍ വെര്‍ഷനുകളാണെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.