അമ്മയുടെ സ്നേഹത്തിനു പകരം വെയ്ക്കാന്‍ മറ്റൊന്നില്ല എന്നാണല്ലോ..സ്വന്തം ജീവന്‍ അപകടത്തിലാക്കിയും സ്വന്തം കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ തയ്യാറാക്കാന്‍ ഒരമ്മയ്ക്ക് കഴിയും. അങ്ങനെയൊരമ്മയാണ് അയര്‍ലാന്‍ഡ് സ്വദേശിയായ സാറ ലേമോട്ടും.
തന്റെ നാല് വയസ്സുകാരനായ മകന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞ ഏതാനം മാസങ്ങള്‍ക്കിടയില്‍ സാറ ദാനം ചെയ്തത് അവളുടെ രണ്ടു അവയവങ്ങളാണ്. സാറയുടെ മകന്‍ ജോയ്ക്ക് അവന്റെ ഒന്നാം പിറന്നാളിനു ഏതാനം ദിവസങ്ങള്‍ക്കു മുന്‍പായിരുന്നു രണ്ടു ഗുരുതരരോഗങ്ങള്‍ ഉണ്ടെന്നു കണ്ടെത്തിയത്. പോളിസിസ്ടിക് കിഡ്നി ഡിസോഡറും കരളിനെ ബാധിക്കുന്ന കോണ്‍ജിനേറ്റല്‍ ഫൈബ്രോസിസ് രോഗവുമായിരുന്നു അവന്.(polycystic kidney disorder and congenital hypatic fibrosis ).
കിഡ്നികള്‍ക്ക് അമിതമായ വലുപ്പം വെയ്ക്കുന്നതായിരുന്നു പോളിസിസ്ടിക് കിഡ്നി ഡിസോഡര്‍. കിഡ്നിയുടെ വലിപ്പം വര്‍ദ്ധിച്ചു ആമാശയത്തിനെയും കരളിനെയും ഞെരുക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങിയിരുന്നത്. അതുകൊണ്ട് തന്നെ ജോയ് അധികകാലം ജീവിച്ചിരിക്കില്ല എന്ന് ഡോക്ടര്‍മ്മാര്‍ വിധിയെഴുതി. എങ്കിലും ഒരുപരീക്ഷണം എന്ന നിലയില്‍ കുഞ്ഞിന്റെ ഇരുകിഡ്നികളും ഡോക്ടര്‍മ്മാര്‍ നീക്കം ചെയ്തു. അതിനു ശേഷം അവനു നിരന്തരമായ ഡയാലിസിസ് ചെയ്തായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
എന്നാല്‍ കിഡ്നിയും കരളും മാറ്റി വെയ്ക്കാന്‍ കഴിഞ്ഞാല്‍ ജോയുടെ ആയുസ്സ് നീട്ടിയെടുക്കാം എന്ന് ഡോക്ടര്‍മ്മാര്‍ പറഞ്ഞപ്പോള്‍ പിന്നെ സാറയ്ക്ക് ഒന്നും ചിന്തിക്കാന്‍ ഉണ്ടായിരുന്നില്ല. സാറയുടെ അവയവം ജോയ്ക്ക് മാച്ച് ആകുമെന്ന് കണ്ടെത്തിയതോടെ പിന്നെ എത്രയും വേഗം അവനു ശാസ്ത്രക്രിയ നടത്താന്‍ അവര്‍ തീരുമാനിച്ചു. അങ്ങനെ കഴിഞ്ഞ വര്ഷം ജനവരിയില്‍ ജോയ്ക്ക് സാറയുടെ
കരളിന്റെ ഒരു ഭാഗം വെച്ചുപിടിപ്പിച്ചു. ഏഴ് മാസങ്ങള്‍ക്ക് ശേഷം സാറയുടെ ഒരു കിഡ്നിയും അവനില്‍ തുന്നിചേര്‍ത്തു. ബിര്‍മിംഗ്ഹാമിലെ ആശുപത്രിയില്‍ ആയിരുന്നു ജോയുടെ ശാസ്ത്രക്രിയ. നാല് മൈല്‍ അകലെ മറ്റൊരു ആശുപത്രിയില്‍ സാറയെയും പ്രവെഷിപ്പിച്ചു. തനിക്ക് സാധിക്കുമായിരുന്നെങ്കില്‍ തന്റെ മകന്റെ ജീവന്‍ രക്ഷിക്കാന്‍ തന്റെ രണ്ടു കിഡ്നികളും ഒരുപക്ഷെ താന്‍ ദാനം ചെയ്തേനെ എന്നാണു ഇതിനെ കുറിച്ചു ഒരു അഭിമുഖത്തില്‍ ഈ അമ്മ പറഞ്ഞത്. ഇപ്പോള്‍ ഏഴ് മാസങ്ങള്‍ക്ക് ഇപ്പുറം സാറയും ജോയും സന്തോഷത്തോടെയും ആരോഗ്യത്തോടെയും കഴിയുകയാണ്. ജിവിതത്തില്‍ ആദ്യമായി തന്റെ മകന്‍ ഓടികളിക്കുന്നതും നീന്തല്‍ പഠിക്കുന്നതുമെല്ലാം കണ്ടു സാറ സന്തോഷത്തോടെ എല്ലാം ആസ്വദിക്കുന്നു.