ആത്മസുഹൃത്തിനെ കൈവിട്ടില്ല ;കാന്‍സര്‍ ബാധിച്ച് മരിച്ച സുഹൃത്തിന്റെ ആറുകുഞ്ഞുങ്ങളെ ദത്തെടുത്ത് സ്റ്റെഫാനി

0

മനുഷ്യത്തവും സൗഹൃദങ്ങളുടെ ആഴവും ഇനിയും അവസാനിച്ചിട്ടില്ല എന്ന് ലോകത്തിനു കാട്ടിത്തരികയാണ്  വിര്‍ജീനിയ സ്വദേശികളായ ബെത്ത് ലൈത്‌കെപും ,സ്റ്റെഫാനി കെല്ലിയും . ഇവരില്‍ ബെത്ത് ലൈത്‌കെപ് ഇന്ന് ജീവിച്ചിരിപ്പില്ല . എന്നാല്‍ ബെത്തിന്റെ ആറു കുഞ്ഞുങ്ങള്‍ക്ക്‌ ഇപ്പോള്‍ അമ്മ സ്റെഫാനിയാണ് .

പഠന കാലം മുതല്‍ ഒരുമിച്ചുണ്ടായിരുന്നവര്‍ ആണ് ബെത്തും സ്റ്റെഫാനിയും .ഇരുവരുടെയും വിവാഹ ജീവിതത്തിന് ശേഷവും ഇവരുടെ സൗഹൃദം തുടര്‍ന്നു. ജീവിതം സന്തോഷ കരമായി മുന്നോട്ടു പോകുമ്പോഴാണ് ബെത്തിന്റെ ജീവിതത്തില്‍ ഇരുള്‍ പടര്‍ത്തി 'കാന്‍സര്‍' എന്ന വില്ലന്‍ എത്തിയത്‌ . ബെത്തിനാണ് കാന്‍സര്‍ രോഗം ബാധിച്ചതെങ്കിലും സ്‌റ്റെഫാനിയേയും അത് തളര്‍ത്തി. എന്നാല്‍ രോഗത്തെ ഒരുമിച്ച് നേരിടാന്‍ ഇരുവരും തീരുമാനിച്ചു.

2014 ലായിരുന്നു ആദ്യമായി ബെത്തിന് സ്തനാര്‍ബുദ്ദം കണ്ടെത്തിയത്. തന്റെ ആറാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചപ്പോഴായിരുന്നു ഇത്. എന്നാല്‍ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്ത് ജീവന്‍ രക്ഷപ്പെടുത്തി. മാസം തികയുന്നതിന് മുന്‍പായിരുന്നു സിസേറിയന്‍ നടത്തിയത്. ഇതിന് ശേഷം കീമോ തെറാപ്പിയിലൂടെ ബെത്തിന്റെ രോഗം ശമിച്ചു. ബെത്തിന് കാന്‍സറാണെന്ന് അറിഞ്ഞതോടെ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി. രോഗം മാറി സാധാരണ ജീവിതം തുടരുന്നതിന് ഇടയിലാണ്  2015 ല്‍ വീണ്ടും ബെത്തിനെത്തേടി കാന്‍സറെത്തിയത് . പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി എന്തു ചെയ്യണമെന്നു അറിയാതെ കഴിയുമ്പോഴാണ്  സ്റ്റെഫാനിയുടെ വിളി വന്നത്. കുട്ടികളുമായി ബെത്ത് വിര്‍ജീനിയയിലേക്ക് താമസം മാറ്റി. അവിടെ തന്റെ വീടിന് സമീപം വീടെടുത്ത് നല്‍കിയ ശേഷം വിര്‍ജീനയിലുള്ള ഒരു ഡോക്ടറെ കണ്ട് ബെത്തിന്റെ രോഗ വിവരങ്ങള്‍ സ്‌റ്റെഫാനി ആരാഞ്ഞു. ഏറെ വൈകിയെന്നായിരുന്നു ഡോക്ടറുടെ മറുപടി. ബെത്തിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയെങ്കിലും സ്റ്റെഫാനി ബെത്തിനു തണലായി നിന്നു .

മരണകിടക്കയിലും ബെത്തിന്റെ ആശങ്ക എല്ലാം തന്റെ കുഞ്ഞുങ്ങളെ ഓര്‍ത്തായിരുന്നു .അവിടെയും സ്റ്റെഫാനി തന്റെ മിത്രത്തെ കൈവിട്ടില്ല .ബെത്തിന്റെ ആറു കുട്ടികളെയും സംരക്ഷിച്ചു കൊള്ളാം എന്ന് അവള്‍ വാക്ക് നല്‍കി .ദിവസങ്ങള്‍ക്കകം ബെത്ത് ലോകത്തോട് വിടപറഞ്ഞു . ഉള്ളുരുകുന്ന വേദനയില്‍ തന്റെ പ്രിയ സുഹൃത്തിന് അവസാന നിമിഷം നല്‍കിയ വാക്ക് സ്റ്റെഫാനി പാലിക്കുക തന്നെ ചെയ്തു. ബെത്തിന്റെ ആറ് കുട്ടികളെ സ്‌റ്റെഫാനി ഏറ്റെടുത്തു. ഭര്‍ത്താവ് ഡോണിയ്ക്കും കുട്ടികളെ ഏറ്റെടുക്കുന്നതില്‍ പൂര്‍ണ്ണസമ്മതമായിരുന്നു. ഇപ്പോള്‍ ബെത്തിന്റെ മക്കള്‍ സ്റ്റെഫാനിയുടെയുമാണ് . തങ്ങളുടെ മൂന്നു കുട്ടികള്‍ക്കൊപ്പം ബെത്തിന്റെ മക്കളും ഇപ്പോള്‍ സ്റ്റെഫാനിയുടെ വീട്ടില്‍ സന്തോഷമായിരിക്കുന്നു.  തന്റെ ആത്മമിത്രത്തിനു വേണ്ടി ഇതില്‍ കൂടുതല്‍ എന്താണ് ഒരു സുഹൃത്തിന് ചെയ്യാന്‍ കഴിയുക .