മഹാരാഷ്ട മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെ അറസ്റ്റ് ചെയ്തു. 100 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡിയുടെ അറസ്റ്റ്. 13 മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷം അർധരാത്രിയോടെ ആയിരുന്നു അറസ്റ്റ്. അനിൽ ദേശ്മുഖ് ബോംബെ ഹൈക്കോടതിയെ സമർപ്പിച്ചിരുന്നെങ്കിലും ഹരജി തള്ളിയിരുന്നു. കേസില്‍ ദേശ്മുഖിന്റെ പേഴ്സണല്‍ സെക്രട്ടറി സഞ്ജീവ് പലാന്‍ഡെ, പേഴ്സനല്‍ അസിസ്റ്റന്റ് കുന്ദന്‍ ഷിന്‍ഡെ എന്നിവരെ ജൂണില്‍ അറസ്റ്റുചെയ്തിരുന്നു.
മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയായിരിക്കെ ദേശ്മുഖ് 2020 ഡിസംബറിനും 2021 ഫെബ്രുവരിക്കും ഇടയിൽ പിരിച്ചുവിട്ട മുംബൈ പൊലീസ് ഓഫീസർ സച്ചിൻ വാസെ മുഖേന വിവിധ ഓർക്കസ്ട്ര ബാറുടമകളിൽ നിന്ന് ഏകദേശം 4.7 കോടി രൂപ അനധികൃതമായി കൈപ്പറ്റിയതായി ഇഡി പറയുന്നു. എൻ.സി.പി നേതാവിനെതിരായ മുൻ മുംബൈ പൊലീസ് കമ്മീഷണർ പരം ബീർ സിങ്ങിന്റെ അഴിമതി ആരോപണങ്ങളെക്കുറിച്ചുള്ള സിബിഐ അന്വേഷണത്തിന് അനുസൃതമായാണ് ദേശ്മുഖിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള ഇഡി അന്വേഷണം.
ഏപ്രിൽ 5 ലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സിബിഐ പ്രാഥമിക അന്വേഷണം ആരംഭിക്കുകയും ഏപ്രിൽ 21ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ ഈ ആരോപണങ്ങൾ ദേശ്മുഖ് നിഷേധിച്ചിരുന്നു.