തിരുവനന്തപുരം: ആഴ്ചകൾ നീണ്ട ദുരിത പെയ്ത്തിനും മഴക്കെടുതികൾക്കും ശേഷം സംസ്ഥാനത്ത് കാലവർഷം ദുര്‍ബലമായി. ചൊവ്വാഴ്ച ഒരു ജില്ലയിലും പ്രത്യേകം മഴ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദപ്പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. വടക്ക് കിഴക്കന്‍ മധ്യപ്രദേശിനും തെക്കന്‍ ഉത്തര്‍പ്രദേശിനും മുകളില്‍ തീവ്ര ന്യൂനമര്‍ദവും സ്ഥിതി ചെയ്യുന്നുണ്ട്.
എങ്കിലും അടുത്ത ദിവസങ്ങളില്‍ ഇത് കേരളത്തില്‍ മഴയ്ക്ക് കാരണമാകില്ലെന്നാണ് വിലയിരുത്തല്‍.കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും തടസമില്ല. എന്നാൽ കേരളത്തിൽ മലയോരമേഖലയിൽ ഇടിമിന്നലോടു കൂടിയ മഴ സാധ്യത കൂടുതലാണെന്നതിനാൽ പ്രദേശത്തെ ജനങ്ങൾ ജാഗ്രതപാലിക്കണമെന്ന് മുന്നറിയിപ്പ് നൽകുന്നു.