ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ സഹായവുമായി കൂടുതൽ രാജ്യങ്ങൾ. ആറ് വിദേശ രാജ്യങ്ങളാണ് അവരുടെ രാജ്യത്തെ സ്ഥാപനങ്ങൾക്ക് വേണ്ടി അഫ്ഗാനിസ്താനിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുക. അമേരിക്ക, ബ്രിട്ടൺ, ജർമ്മനി, ഫ്രാൻസ്, യു.എ.ഇ., ഖത്തർ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നടപടികൾക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്.
ആറുരാജ്യങ്ങളും അവർക്ക് വേണ്ടി ജോലി ചെയ്യുന്നവരെ കണ്ടെത്തി കാബൂളിലെ വിമാനത്താവളങ്ങളിൽ നിന്ന് അതത് രാജ്യങ്ങളിലേക്ക് കൊണ്ടുപോകും. പിന്നീട് ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ സഹായത്തോടെ ഇവരെ ഡൽഹിയിലെത്തിക്കും.
ആഗസ്റ്റ് 31ന് മുമ്പ് മുഴുവൻ ഇന്ത്യക്കാരേയും കണ്ടെത്തി ഒഴിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിന് കൂടുതൽ സഹായകരമാകുന്നതാണ് വിവിധ രാജ്യങ്ങളുടെ ഇടപെടൽ.