ശബരിമലയിൽ ഇന്ന് മുതൽ കൂടുതൽ തീർത്ഥാടകരെ അനുവദിക്കും

0

പത്തനംതിട്ട: ശബരിമലയിൽ ഇന്ന് മുതൽ കൂടുതൽ തീർത്ഥാടകരെ ദർശനത്തിന് അനുവദിക്കും. വെർച്വൽ ക്യൂ സംവിധാനം ഉപയോഗിച്ച് ഇന്ന് മുതൽ കൂടൂതൽ ഭക്തർക്ക് സന്നിധാനത്തെത്താം. വെര്‍ച്വല്‍ ക്യൂവഴിയുള്ള ബുക്കിങ്ങ് ഇന്ന് മുതല്‍ തുടങ്ങും. സന്നിധാനത്ത് കൂടുതല്‍ പൊലിസുകാരിലും ജീവനക്കാരിലും കോവിഡ് രോഗബാധ കണ്ടെത്തിയ സാഹചര്യത്തില്‍ നിയന്ത്രണത്തോട് കൂടി ആയിരിക്കും ദര്‍ശനം അനുവദിക്കുക.

ഇന്ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം തിരുവിതാംകൂർ ദേവസ്വം ബോർഡാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനം എടുത്തത്. ദേവസ്വം ബോർഡ് പ്രതിദിനം 10,000 പേരെ അനുവദിക്കണമെന്ന നിർദേശമാണ് മുന്നോട്ടുവച്ചത്. കൊറോണ രോഗബാധ ഉയരാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് നിർദേശം എതിർക്കുകയായിരുന്നു.

ആയിരത്തിൽ നിന്ന് രണ്ടായിരമാക്കിയാണ് തീർത്ഥാടകരുടെ എണ്ണം ഉയർത്തിയത്. ഭക്തരുടെ എണ്ണം കുറഞ്ഞതോടെ വരുമാനത്തിലും വലിയ ഇടിവാണ് ഉണ്ടായത്. ഇതേ തുടർന്നാണ് ഭക്തരുടെ എണ്ണം ഉയർത്താൻ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടത്.

ശനി, ഞായർ ദിവസങ്ങളിലും കൂടൂതൽ പേർക്ക് ശബരിമലയിലെത്താം. നിലവിൽ ശനി, ഞായർ ദിവസങ്ങളിൽ 2000 പേർക്ക് സന്നിധാനത്ത് ദർശനത്തിന് അനുമതിയുണ്ടായിരുന്നു. ഇത് മൂവായിരമാക്കിയാണ് ഉയർത്തിയത്. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഭക്തരുടെ എണ്ണം ഉയർത്താൻ ശുപാർശ ചെയ്തിരുന്നു.

ഇതനുസരിച്ച് ഇന്നുമുതല്‍ വെര്‍ച്വല്‍ ക്യൂവഴി ബുക്കിങ്ങ് തുടങ്ങും. മൂന്നാം തീയതി മുതല്‍ ദര്‍ശനത്തിന് അനുമതി ലഭിക്കാനാണ് സാധ്യത. തീര്‍ത്ഥാടകരുടെ ഏണ്ണം കൂട്ടുന്ന സാഹചര്യത്തില്‍ നിലക്കല്‍, പമ്പ എന്നിവികൊവിഡ് പരിശോധന സംവിധാനങ്ങള്‍ തയ്യാറാക്കും.

തീര്‍ത്ഥാടകരുടെഏണ്ണം കൂടുന്നത് അനുസരിച്ച് അപ്പം അരവണ എന്നിവയുടെ കരുതല്‍ശേഖരം കൂട്ടാനും ദേവസ്വം ബോര്‍ഡ് നടപടി തുടങ്ങിയിട്ടുണ്ട്. അതേസമയം ശ്രികോവിലിന് ഉള്ളില്‍ നിന്നും പ്രസാദം നല്‍കുന്നതിനുള്ള നിയന്ത്രണം തുടരും. തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്ത് തങ്ങുന്നതിനുള്ള വിലക്കും തുടരും. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് കൂടുതലായും ഇപ്പോള്‍ സന്നിധാനത്ത് എത്തുന്നത്. കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി സന്നിധാനത്ത് തങ്ങുന്ന ജീവനകാര്‍ക്ക് കോവിഡ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.