നെയ്യാറ്റിന്‍കര: ജപ്തി നടപടി ഭയന്ന് അമ്മയും മകളും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മകള്‍ മരിച്ചു.അമ്മയെ ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊണ്ണൂറ് ശതമാനത്തിലേറെ പൊള്ളലേറ്റ ഇവരുടെ നില അതീവ ഗുരുതരമാണ്.
നെയ്യാറ്റിന്‍കര മാരായിമുട്ടത്ത് ചൊവ്വാഴ്ച 3 മണിയോടെയാണ് സംഭവം നടക്കുന്നത്. ബാങ്ക് അധികൃതര്‍ ജപ്തി നടപടികള്‍ക്കായി വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം എന്നാണ് സൂചന. ലേഖ (40), മകള്‍ വൈഷ്ണവി (19) എന്നിവരാണ് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മകൾ വൈഷ്ണവി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. . അമ്മ ലേഖ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
നെയ്യാറ്റിൻകര കാനറാ ബാങ്ക് ശാഖയിൽ നിന്ന് അഞ്ച് ലക്ഷം രൂപയാണ് പതിനഞ്ച് വര്‍ഷം മുൻപ് ഇവര്‍ വായ്പ എടുത്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ജപ്തി നടപടി ഉണ്ടാവുമെന്ന സൂചന ലഭിച്ചിരുന്നു. ഇതിന്റെ പേരില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു ലേഖയും വൈഷ്ണവിയും എന്നാണ് നാട്ടുകാര്‍ പറയുന്നത്.
എന്നാൽ ഒരു തരത്തിലും ജപ്തി നടപടികൾക്ക് സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നാണ് ബാങ്ക് പറയുന്നത്. ഭവന വായ്പയാണ് കുടുംബം എടുത്തത്. തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് കോടതിയിൽ കേസ് കൊടുത്തിരുന്നു. വായ്പ തിരിച്ചടവിന് കുടുംബം കൂടുതൽ സമയം ചോദിച്ചിരുന്നു. അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കുകയായിരുന്നുവെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നു.