വിധവയായ മരുമകളെ പഠിപ്പിച്ച് ഉദ്യോഗസ്ഥയാക്കി, വീണ്ടും വിവാഹം കഴിപ്പിച്ചു: മാതൃകയായി ഭർതൃമാതാവ്

0

പണ്ടുകാലംമുതൽക്കേ അമ്മായിഅമ്മ മരുമകൾ പോരുകളുടെ അസുഖകരമായ കഥകളാണ് നാം കൂടുതലും കേട്ടിട്ടുള്ളത്. കണ്ടിരിക്കും. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ ഒരു വാർത്തയാണ് രാജസ്ഥാനിലെ ശികാറിൽ നിന്നും പുറത്തു വരുന്നത്. മസ്തിഷ്കാഘാതത്തെ തുടർന്ന് മരിച്ച മകന്റെ ഭാര്യയെ വീണ്ടും വിവാഹം ചെയ്തയച്ചു മാതൃകയായിരിക്കുകയാണ് ഒരു അമ്മ.

വിവാഹം കഴിഞ്ഞ് ആറു മാസങ്ങൾക്കകം സുനിതയ്ക്ക് തന്റെ ഭർത്താവിനെ നഷ്ടമായി. തുടർന്ന് ഭർതൃമാതാവ് കമലാ ദേവി അവളെ വീണ്ടും പഠിപ്പിക്കാൻ തീരുമാനിച്ചു. സ്കൂൾ ടീച്ചറാണ് കമലാ ദേവി. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ബിരുദാനന്തര ബിരുദവും ബിഎഡും നേടാനും കമലാ ദേവി മരുമകൾ സുനിതയെ നിർബന്ധിച്ചു. പഠനം പൂർത്തിയാക്കിയ ശേഷം സുനിതയ്ക്ക് ഒരു സ്കൂളിൽ അധ്യാപികയായി ജോലിയും ലഭിച്ചു.

2016ലാണ് കമലാ ദേവിയുടെ ഇളയമകൻ ശുഭം സുനിതയെ വിവാഹം കഴിക്കുന്നത്. തുടർന്ന് എംബിബിഎസ് പഠനത്തിനായി ശുഭം കിർഗിസ്ഥാനിലേക്കു പോയി. 2016 നവംബറിൽ മസ്തിഷ്കാഘാതത്തെ തുടർന്ന് ശുഭം മരിച്ചു.

പിന്നീടുള്ള 5 വർഷം സ്വന്തം മക്കളേക്കാൾ കമലാദേവി സുനിതയെ സ്നേഹിച്ചു. സ്വന്തം മകളെ പോലെ കരുതി തുടർ പഠനത്തിനയച്ചു. പഠന ശേഷം സ്വന്തം മകളെ പോലെ സുനിതയെ നല്ല നിലയിൽ വിവാഹം കഴിച്ച് അയക്കുകയും ചെയ്തു. ഭോപ്പാലിൽ സിഎജി ഓഡിറ്ററായ മുകേഷാണ് സുനിതയുടെ കഴുത്തിൽ വീണ്ടും താലി ചാർത്തിയത്. നിരവധിപേർ സുനിതയുടെ വിവാഹത്തിൽ പങ്കെടുത്തു.

ഇതു മാത്രമല്ല, കടുത്ത സ്ത്രീധന വിരോധി കൂടിയാണ് കമലാ ദേവി. അവരുടെ മകൻ സുനിതയെ വിവാഹം കഴിച്ചപ്പോഴും കമലാ ദേവി സ്ത്രീധനം വാങ്ങിയില്ല. ഇപ്പോൾ സുനിതയെ മുകേഷിനു വിവാഹം കഴിച്ചു കൊടുത്തപ്പോഴും കമലാ ദേവി സ്ത്രീധനം വാഗ്ദാനം ചെയ്തില്ല. കമലാ ദേവിയുടെയും സുനിതയുടെയും കഥ എല്ലാവർക്കും മാതൃകയാണ്.