തൊടുപുഴ ഏഴു വയസുകാരന്റെ കൊലപാതകം: അമ്മയ്ക്കു ജാമ്യം

0

തൊടുപുഴ: തൊടുപുഴയില്‍ ഏഴു വയസുകാരന്‍ ക്രൂരമര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട കേസില്‍ അമ്മക്ക് ജാമ്യം. പ്രതി അരുൺ ആനന്ദിനെ സംരക്ഷിച്ചതിനും കുറ്റം മറച്ചു വച്ചതിനുമാണ് പൊലീസ് യുവതിയ്ക്ക് എതിരെ കേസെടുത്തത്. എന്നാൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളിത്തമില്ലാത്തതിനാൽ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.തൊടുപുഴ മുട്ടംകോടതിയാണ് ജാമ്യം അനുവദിച്ചത്.

ഇന്ന് ഉച്ചയ്ക്കായിരുന്നു ഇവരുടെ അറസ്റ്റ്. മര്‍ദ്ദന വിവരം മറച്ചുവെയ്ക്കുകയും കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച അരുണ്‍ ആനന്ദിനെ സംരക്ഷിക്കുകയും ചെയ്തതായി വ്യക്തമായതിനെത്തുടര്‍ന്നായിരുന്നു അമ്മയെ അറസ്റ്റു ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ യുവതിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

കൂത്താട്ടുകുളത്തെ കൗൺസിലിങ് സെന്‍ററിലായിരുന്ന യുവതിയെ ഉച്ചയ്ക്ക് തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. ഏഴ് വയസുകാരന്‍റെ അമ്മൂമ്മയുടെ രഹസ്യ മൊഴിയുടെ കൂടി അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. കുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ അമ്മയുടെ സുഹൃത്ത് അരുൺ ആനന്ദ് ഇപ്പോൾ റിമാൻഡിലാണ്.

ബാലനീതി നിയമം 75ാം വകുപ്പ് പ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ശിശുക്ഷേമ സമിതിയാണ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. കുട്ടികളെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ അല്ലെങ്കില്‍ അതിന് കൂട്ട് നില്‍ക്കുകയോ ചെയ്യുക, ബോധപൂര്‍വം കുട്ടികളെ അവഗണിക്കുകയും അതിലൂടെ അവരില്‍ മാനസിക ശാരീരിക സമ്മര്‍ദ്ദം ഏല്‍പ്പിക്കുക തുടങ്ങിയവയാണ് ബാലനീതി നിയമം 75-ാം വകുപ്പിന്റെ പരിധിയില്‍ വരുന്ന കുറ്റങ്ങള്‍. 10 വര്‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.