റിവ്യൂ നിർത്തിയതുകൊണ്ട് സിനിമ രക്ഷപെടില്ല: മമ്മൂട്ടി

0

കൊച്ചി: റിവ്യൂ നിര്‍ത്തിയാലൊന്നും സിനിമ രക്ഷപെടാന്‍ പോകുന്നില്ലെന്നു നടന്‍ മമ്മൂട്ടി. ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാതല്‍ ദ കോര്‍ എന്ന ചിത്രത്തിന്‍റെ പ്രമോഷൻ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിവ്യൂ ചെയ്യുന്നവര്‍ ഒരു വഴിക്കു പോകും, സിനിമ മറ്റൊരു വഴിക്കു പോകും. പ്രേക്ഷകര്‍ തീരുമാനിക്കുന്നത് അവര്‍ക്കിഷ്ടമുള്ള സിനിമയാണ്. ഒരു റിവ്യൂ കൊണ്ടൊന്നും സിനിമയെ നശിപ്പിക്കാമെന്നു കരുതുന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു. റിവ്യൂവും റോസ്റ്റിങ്ങും രണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. നമുക്കൊരു അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അതു നമ്മുടെ അഭിപ്രായം തന്നെയായിരിക്കണം. വേറൊരാളുടെ അഭിപ്രായം നമ്മള്‍ പറഞ്ഞാല്‍, നമ്മുടെ അഭിപ്രായസ്വാതന്ത്ര്യം പോയി. നമുക്ക് തോന്നണം, സിനിമ കാണണോ വേണ്ടയോ എന്ന്. നമ്മുടെ അഭിപ്രായങ്ങള്‍ക്ക് അനുസരിച്ചാണു സിനിമ കാണേണ്ടതെന്നും മമ്മൂട്ടി പറഞ്ഞു.‌

റിവ്യൂവില്‍ നിന്നു കുറെയൊക്കെ പഠിക്കുന്നുണ്ടെന്നു സംവിധായകന്‍ ജിയോ ബേബി പറഞ്ഞു. എങ്ങനെ നന്നാക്കാം, നെഗറ്റീവ് റിവ്യൂ പറഞ്ഞയാളെക്കൊണ്ട് എങ്ങനെ നല്ലതു പറയിപ്പിക്കാം എന്നൊക്കെ ചിന്തിക്കാറുണ്ട്. തിരുത്തൽ വരുത്താൻ ശ്രമിക്കാറുണ്ട്. നമ്മുടെ ഉള്ളില്‍ നടക്കുന്ന ഒരു മത്സരം കൂടിയാണിതെന്നും ജിയോ ബേബി പറഞ്ഞു.

റിലീസിങ് ദിവസം തന്നെ റിവ്യൂ ബോംബിങ് നടത്തുന്നതിനെതിരേ അടുത്തിടെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഹൈക്കോടതിയും ഈ വിഷയത്തില്‍ ഇടപെട്ടു. അടുത്തിടെ റിലീസ് ചെയ്ത ദിലീപ് ചിത്രം ബാന്ദ്രയ്‌ക്കെതിരേ നെഗറ്റീവ് റിവ്യൂ നടത്തിയ ഏഴ് യുട്യൂബര്‍മാര്‍ക്കെതിരേ നിര്‍മാതാക്കള്‍ നിയമനടപടികളും സ്വീകരിച്ചിരുന്നു.