പ്രവാസികള്‍ സ്വന്തം നാടുകളിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശം

0
AppleMark

മനാമ: ബഹ്റൈനില്‍ താമസിക്കുന്ന പ്രവാസികള്‍ രാജ്യത്തു നിന്ന് സ്വന്തം നാടുകളിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന് പാര്‍ലമെന്റ് അംഗങ്ങളുടെ ആവശ്യം. ഇത് സംബന്ധിച്ച നിയമനിര്‍മാണ ശുപാര്‍ശ എം.പിമാര്‍ സമര്‍പ്പിച്ചതായി ഗള്‍ഫ് ഡെയിലി ന്യൂസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയന്നു. നികുതി ഘടന അടങ്ങിയ ശുപാര്‍ശയാണ് നിരവധി എം.പിമാരുടെ പിന്തുണയോടെ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.

200 ബഹ്റൈനി ദിനാറില്‍ (ഏകദേശം 43,000 ഇന്ത്യന്‍ രൂപയോളം) താഴെയുള്ള തുക പ്രവാസികള്‍ നാടുകളിലേക്ക് അയക്കുമ്പോള്‍ അതിന്റെ ഒരു ശതമാനവും 201 ദിനാര്‍ മുതല്‍ 400 ദിനാര്‍ (87,000 ഇന്ത്യന്‍ രൂപയോളം) വരെ അയക്കുമ്പോള്‍ രണ്ട് ശതമാനവും 400 ദിനാറിന് മുകളില്‍ അയക്കുമ്പോള്‍ തുകയുടെ മൂന്ന് ശതമാനവും നികുതിയായി ഈടാക്കണമെന്നാണ് ശുപാര്‍ശയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നിക്ഷേപ സംരക്ഷണം, മൂലധന കൈമാറ്റം എന്നിങ്ങനെയുള്ള ഇടപാടുകള്‍ക്കും ബഹ്റൈനിലെ നികുതി നിയമപ്രകാരം ഇളവുകള്‍ ലഭിക്കുന്ന മറ്റ് ഇടപാടുകള്‍ക്കും ഇളവ് അനുവദിച്ച് നികുതി ശുപാര്‍ശ നടപ്പാക്കണമെന്നാണ് ആവശ്യം. അംഗീകൃത ധനകാര്യ സ്ഥാപനങ്ങള്‍ വഴി പ്രവാസികള്‍ പണം അയക്കുമ്പോള്‍ തന്നെ നികുതിയും ഈടാക്കണം. ശേഷം ഈ സ്ഥാപനങ്ങളില്‍ നിന്ന് ബഹ്റൈന്‍ നാഷണല്‍ ബ്യൂറോ ഓഫ് റവന്യൂ നികുതി വരുമാനം ശേഖരിക്കണം.

ബഹ്റൈനില്‍ ജീവിക്കുന്ന അഞ്ച് ലക്ഷത്തോളം പ്രവാസികള്‍ എല്ലാ വര്‍ഷവും അവരവരുടെ രാജ്യത്തേക്ക് അയക്കുന്ന ദശലക്ഷക്കണക്കിന് ദിനാര്‍ ബഹ്റൈനില്‍ തന്നെ നിക്ഷേപിക്കാനുള്ള പ്രായോഗികമായ മാര്‍ഗങ്ങളാണ് ബില്ലിലൂടെ തേടുന്നതെന്ന് പാര്‍ലമെന്റ് അംഗം ലുല്‍വ അല്‍ റുമൈഹി പ്രാദേശി ദിനപ്പത്രമായ അഖ്‍ബാര്‍ അല്‍ ഖലീജിനോട് പറഞ്ഞു. ഏതാണ്ട് 100 കോടി ദിനാറോളം പ്രവാസികള്‍ ബഹ്റൈനില്‍ നിന്ന് വര്‍ഷം തോറും സ്വന്തം രാജ്യത്തേക്ക് അയക്കുന്നുവെന്നാണ് കണക്ക്.