പ്രശസ്‌ത മൃദംഗ വിദ്വാൻ കാരെെക്കുടി മണി അന്തരിച്ചു

0

ചെന്നെെ: പ്രശസ്‌ത മൃദംഗ വിദ്വാൻ കാരെെക്കുടി മണി (77)​ അന്തരിച്ചു. ചെന്നെെയിൽ വച്ചായിരുന്നു അന്ത്യം. 50വർഷത്തോളമായി കർണാടക സംഗീത മേഖലയിൽ സ്ഥിരസാന്നിധ്യമായിരുന്നു. മൃദംഗ വായനയിൽ അദ്ദേഹം സ്വന്തമായ ശെെലി രൂപപ്പെടുത്തിയെടുത്തിരുന്നു. ലോകത്തിലാകമാനം ആയിരക്കണക്കിന് ശിഷ്യന്മാരാണ് കാരെെക്കുടി മണിയ്ക്ക് ഉള്ളത്. ലയമണി ലയം എന്ന പേരിൽ ലോകം മുഴുവൻ പ്രചാരത്തിലുള്ള ഒരു സംഗീത മാഗസിന്റെ ചീഫ് എഡിറ്ററാണ്. അവിവാഹിതനാണ്.

1945 സെപ്‌തംബർ 11ന് കാരെെക്കുടിയിൽ സംഗീതജ്ഞനായ ടി രാമനാഥ് അയ്യരുടെയും പട്ടമ്മാളിന്റയും മകനായി ജനിച്ചു. മുൻ രാഷ്ട്രപതി ഡോ രാധാകൃഷ്ണന്റെ പക്കൽ നിന്നും ദേശീയ പുരസ്കാരം വാങ്ങുമ്പോൾ കാരെെക്കുടി മണിയുടെ പ്രായം 18ആയിരുന്നു. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം 1998ല്‍ കാരൈക്കുടി മണിക്ക്‌ ലഭിച്ചു.

എം എസ് സുബ്ബലക്ഷി ഉൾപ്പെടെയുള്ള കർണാടക സംഗീതത്തിലെ മുൻകാല പ്രഗത്ഭർക്കുവേണ്ടി അദ്ദേഹം മൃദംഗം വായിച്ചിട്ടുണ്ട്. ഡി കെ പട്ടമ്മാൾ, എം എൽ വസന്തകുമാരി, മധുര സോമു, ടി എം ത്യാഗരാജൻ, ഡി കെ ജയരാമൻ, ലാൽഗുഡി ജയരാമൻ, സഞ്ജയ് സുബ്രഹ്മണ്യൻ, ടി എം കൃഷ്ണ തുടങ്ങിയവർക്കുവേണ്ടിയും കാരെെക്കുടി മണി മൃദംഗം വായിച്ചിട്ടുണ്ട്.