ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് (82) അന്തരിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിരിക്കെയാണ് അന്ത്യം. മകനും എസ്.പി. അധ്യക്ഷനുമായ അഖിലേഷ് യാദവാണ് മരണം വിവരം അറിയിച്ചത്. ദേശീയ രാഷ്ട്രീയത്തിന്റെ ഗതിവരെ ഒരു കാലത്ത് നിർണയിച്ചിരുന്ന രാഷ്ട്രീയ ചാണക്യനാണ് ചരിത്രത്തിലേക്ക് മായുന്നത്. ഏറെ നാളായി ഗുഡ് ഗാവിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ നിന്നുള്ള ലോക്‌സഭാ അംഗം കൂടിയാണ് മുലായം. 1989-ല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയാണ് മുലായം സിങ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരത്തിലേറിയത്. അതിന് ശേഷം കോണ്‍ഗ്രസിന് ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്താനായിട്ടില്ല. 1989 മുതല്‍ 2007 വരെ മൂന്ന് തവണകളായി മുലായം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി.1996 ജൂണ്‍ മുതല്‍ 1998 മാര്‍ച്ച് വരെ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായും പ്രവർത്തിച്ചു.
മുലായം സിങ് യാദവ് ഒരു ശ്രദ്ധേയ വ്യക്തിത്വമായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. ജനങ്ങളുടെ പ്രശ്നങ്ങളോട് സംവേദനക്ഷമതയുള്ള, എളിമയുള്ളഒരു നേതാവെന്ന നിലയില്‍ അദ്ദേഹം പരക്കെ പ്രശംസിക്കപ്പെട്ടു. അദ്ദേഹം ജനങ്ങളെ ശുഷ്‌കാന്തിയോടെ സേവിക്കുകയും ജെ.പിയുടെയും ഡോ. ലോഹ്യയുടെയും ആദര്‍ശങ്ങള്‍ ജനകീയമാക്കുന്നതിന് തന്റെ ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്തുവെന്നും പ്രധാനമന്ത്രി അനുശോചന കുറിപ്പില്‍ പറഞ്ഞു.