മുല്ലപ്പെരിയാര്‍ ഡാം തുറക്കാന്‍ സാധ്യത; ചെറുതോണി ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു; ഏഴ് ജില്ലകളില്‍ അതീവജാഗ്രത നിര്‍ദ്ദേശം

0

ജലനിരപ്പ് ഉയരുന്നതിനാൽ മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് ജലം പുറത്തേക്ക് ഒഴുക്കിവിടാൻ സാധ്യത. ഇടുക്കി ജലസംഭരണിയിലേക്ക് കൂടുതല്‍ വെള്ളം ഒഴുകിവരുന്ന സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നു. ജലനിരപ്പ് കുറഞ്ഞതോടെ അടച്ച ഒന്ന്, അഞ്ച് ഷട്ടറുകളാണ് ഒരു മീറ്റര്‍ വീതം തുറന്നത്. നിലവില്‍ തുറന്നിരിക്കുന്ന രണ്ട്, മൂന്ന്, നാല് ഷട്ടറുകള്‍ 1.4 മീറ്ററായും ഉയര്‍ത്തും. പെരിയാര്‍ തീരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. 

മുല്ലപ്പെരിയാര്‍ ആണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതുമാണ് ഷട്ടറുകള്‍ ഉയര്‍ത്താനുള്ള തീരുമാനത്തിനു പിന്നില്‍.

മുല്ലപ്പെരിയാര്‍ ഡാമിലേയും ജലനിരപ്പ് ഉയര്‍ന്നു. മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 138 അടിയിലേക്ക് അടുത്തിരിക്കയാണ്. ഈ സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാം തുറന്നേക്കും. തമിഴ്‌നാട് സര്‍ക്കാരാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. മുല്ലപ്പെരിയാര്‍ തീരത്ത് നിന്ന് 1250 കുടുംബങ്ങളെ ഒഴിപ്പിക്കും. ഇന്ന് രാത്രി 09.00 മണിക്ക് ശേഷം മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു വിട്ട് നിന്ത്രിതമായ അളവിൽ ജലം പുറത്തേക്ക് ഒഴുക്കുന്നതിനുള്ള സാധ്യതയുണ്ട്.

ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തി മുല്ലപെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തേണ്ടതും സുരക്ഷിത സ്ഥാനങ്ങളിലേക്ക് 9 മണിക്ക് മുൻപായി മാറി താമസിക്കേണ്ടതാണ്. ഇതിനാവശ്യമായ എല്ലാ മുൻകരുതലുകളും ജില്ലാ ഭരണകൂടവും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും കൈകൊണ്ടിട്ടുള്ളതാണ്. ആയതിനാൽ യാതൊരുവിധത്തിലുമുള്ള ആശങ്കകൾക്കും ഇടവരാതെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് റവന്യു, പോലീസ്, ഫയർഫോഴ്സ് അധികാരികളുടെയും, ജനപ്രതിനിധികളുടെയും നിർദ്ദേശാനുസരണം 9 മണിക്ക് മുമ്പായി ജനങ്ങൾ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറേണ്ടതാണ്.