ആഡംബര കപ്പലിലെ ലഹരിവേട്ട: ഷാരൂഖിന്‍റെ മകൻ ആര്യന്‍ ഖാൻ അറസ്റ്റിൽ; കുരുക്ക് മുറുക്കി എൻസിബി

0

മുംബൈ: ലഹരിമരുന്ന് കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റില്‍. ആഡംബര കപ്പലിലെ ലഹരിവേട്ടയ്ക്ക് പിന്നാലെയാണ് ആര്യന്‍ ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസമാണ് ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ ആര്യന്‍ ഖാന്‍ അടക്കമുള്ളവരെ എന്‍.സി.ബി. സംഘം കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

അതേസമയം, ഇവര്‍ക്ക് ലഹരി എത്തിച്ചു നല്‍കിയ സംഘത്തെക്കുറിച്ച് സൂചന ലഭിച്ചതായി എന്‍സിബി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. കസ്റ്റഡിയില്‍ ഉള്ളവരില്‍ നിന്നു തന്നെയാണ് വിവരങ്ങള്‍ ലഭിച്ചതെന്നും കസ്റ്റഡിയില്‍ ഉള്ളവര്‍ക്കെതിരെ തെളിവുകളുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. നടന്‍ അര്‍ബാസ് സേത്ത് മര്‍ച്ചന്‍റ്, മുണ്‍മൂണ്‍ ധമേച്ച, നൂപുര്‍ സരിക, ഇസ്‍മീത് സിംഗ്, മോഹക് ജസ്‍വാള്‍, വിക്രാന്ത് ഛോകര്‍, ഗോമിത്ത് ചോപ്ര എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, മുന്‍മുന്‍ എന്നിവരെയാണ് കേസില്‍ അറസ്റ്റ് ചെയ്തതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ ആര്യന്‍ ഉള്‍പ്പെടെ ഒമ്പത് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും വിവരങ്ങളുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.

മുംബൈ തീരത്ത് കോ‍ർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. ഇവരില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ്. എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടി. പിടിച്ചെടുത്ത കപ്പല്‍ മുംബൈ അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനലില്‍ എത്തിക്കും. രണ്ടാഴ്ച മുമ്പാണ് ആഡംബര കപ്പലായ കോര്‍ഡിലിയ ക്രൂയിസ് ഉദ്ഘാടനം ചെയ്തത്. കപ്പലില്‍ ശനിയാഴ്ച ലഹരിപ്പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ്. എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

യാത്രക്കാരുടെ വേഷത്തില്‍ ഉദ്യോഗസ്ഥര്‍ കപ്പലില്‍ കയറിപ്പറ്റുക ആയിരുന്നു. സംഗീത പരിപാടിയെന്ന് പറഞ്ഞാണ് പാര്‍ട്ടി നടത്തിയവര്‍ ടിക്കറ്റ് വിറ്റത്. നൂറോളം ടിക്കറ്റുകള്‍ വിറ്റുപോയി. ഒക്ടോബര്‍ രണ്ട് മുതല്‍ നാല് വരെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ കപ്പല്‍ മുംബൈ തീരം വിട്ട് നടുക്കടലില്‍ എത്തിയപ്പോള്‍ മയക്കുമരുന്ന് പാര്‍ട്ടി ആരംഭിച്ചു. പാര്‍ട്ടി തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ എന്‍സിബി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

ഫാഷൻടിവി ഇന്ത്യയും ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയുമാണ് പരിപാടുടെ സംഘാടകരെന്നാണ് വിവരം. ഇവരോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. കപ്പലിലുണ്ടായിരുന്നു നൂറിലേറെ പേരുടെ മൊഴിയും രേഖപ്പെടുത്തുന്നുണ്ട്. സംഭവത്തിനു പിന്നിൽ ബോളിവുഡ് ബദ്ധമുണ്ടെന്ന് എൻസിബി തലവൻ എസ്എൻ പ്രധാൻ പറഞ്ഞിരുന്നു. രഹസ്യവിവരത്തെ തുടർന്ന് രണ്ട് ആഴ്ചയിലേറെ നീണ്ടുനിന്ന അന്വേഷണമാണ് ഫലം കണ്ടതെന്നും അദ്ദേഹം വാർത്താ ഏജൻസിയോട് വ്യക്തമാക്കി.