സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ അന്തരിച്ചു

0

മുംബൈ: പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ വാജിദ് ഖാന്‍ അന്തരിച്ചു (42). വൃക്കയിലെ അണുബാധയെത്തുടര്‍ന്ന് മുംബൈ ചേമ്പുരിലെ സുരാന ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായി തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.

സംഗീതസംവിധായകൻ സലിം മർച്ചന്റ് ആണ് വാജിദ് ഖാന്റെ വിയോഗ വാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്.അദ്ദേഹത്തിന് ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. വൃക്ക സംബന്ധിച്ച് പ്രശ്‌നമുണ്ടായിരുന്നു. കുറച്ചുനാൾ മുമ്പ് ട്രാൻസ്പ്ലാൻറ് നടത്തി. എന്നാൽ അടുത്തിടെ വൃക്കയിൽ അണുബാധയുണ്ടായി. കഴിഞ്ഞ നാല് ദിവസമായി അദ്ദേഹം വെന്റിലേറ്ററിലായിരുന്നുവെന്നും സലിം പറഞ്ഞു. അതേസമയം വാജിദിന് കോവിഡ് സ്ഥിരീകരിച്ചിരുവെന്ന് ഇന്ത്യ ടുഡേ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സഹോദരന്‍ സാജിദുമായി ചേര്‍ന്ന് നിരവധി സിനിമകളില്‍ സംഗീത സംവിധാനം ചെയ്തിട്ടുണ്ട്.സാജിദ്–വാജിദ് എന്നീ പേരിലാണ് ഇരട്ട സംഗീതസംവിധായകർ അറിയപ്പെടുന്നത്. ഇരുവരും ചേർന്ന് ബോളിവുഡിൽ സൃഷ്ടിച്ചത് നിരവധി ഹിറ്റുകളാണ്. സൽമാന്‍ ഖാന്റെ ചിത്രങ്ങളിലൂടെയാണ് ഇവർ ബോളിവുഡിൽ ശ്രദ്ധേയരായത്. 1998–ൽ പുറത്തിറങ്ങിയ ‘പ്യാർ കിയ തോ ഡർനാ ക്യാ’ എന്ന ചിത്രത്തിലൂടെയായിരുന്നു വാജിദ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. സൽമാൻ ഖാനു വേണ്ടിയാണ് ഭൂരിഭാഗം ഗാനങ്ങളും ചിട്ടപ്പെടുത്തിയത്.

ലോക്ഡൗണിൽ സൽമാൻ ഖാൻ പുറത്തിറക്കിയ മ്യൂസിക് വിഡിയോകൾക്ക് ഈണം പകർന്നത് സാജിദ്–വാദിജ് സഹോദരന്മാരായിരുന്നു. റമസാൻ സ്പെഷലായി പുറത്തിറങ്ങിയ സൽമാന്റെ ‘ഭായ് ഭായ്’ എന്ന ഗാനമാണ് വാജിദ് ഖാന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ഗാനം. ഇപ്പോഴും യുട്യൂബ് ട്രെൻഡിങ്ങിലുള്ള ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

വാണ്ടഡ്, എക്താ ടൈഗര്‍, ദബാങ് തുടങ്ങിയ വാജിദ് ഖാന്‍ സംഗീതമൊരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളാണ്‌. ഐപിഎല്‍ നാലാം സീസണിലെ ‘ധൂം ധൂം ധൂം ദമാക്ക’ എന്ന തീം സോങ് ഒരുക്കിയതും വാജിദ്-സാജിദ് കൂട്ടുകെട്ടാണ്. വാജിദിന്റെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച നടുക്കത്തിലാണ് ബോളിവുഡ്. പ്രിയങ്ക ചോപ്ര, വരുണ്‍ ധവാന്‍, ശങ്കര്‍ മഹാദേവന്‍ തുടങ്ങിയ നിരവധി പ്രമുഖരാണ് സോഷ്യല്‍ മീഡിയകളിലൂടെ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയത്.