കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വർണപ്പണയ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസിന്റെ ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റ് (71) ന്യൂഡൽഹിയിൽ അന്തരിച്ചു. ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. ഓര്‍ത്തോഡോക്സ് സഭാ മുന്‍ ട്രസ്റ്റിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുത്തൂറ്റ് ഗ്രൂപ്പിനു കീഴിൽ ധനകാര്യ സേവന വിഭാഗത്തിന് തുടക്കമിട്ട എം. ജോർജ് മുത്തൂറ്റിന്റെ മകനായി പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിൽ 1949-ലായിരുന്നു ജനനം. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എഞ്ചിനീയറിങ് ബിരുദം നേടിയ എം.ജി.ജോര്‍ജ് ഹാര്‍വഡ് ബിസിനസ് സ്കൂളില്‍ ഉപരിപഠനം നടത്തി. 1979ല്‍ മുത്തൂറ്റ് ഗ്രൂപ്പിന്റെ എം.ഡിയായ ജോര്‍ജ്, 1993ലാണ് ചെയര്‍മാനായത്. ഫിക്കിയുടെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്.
ഇന്ത്യന്‍ ധനികരുടെ 2020ലെ ഫോബ്സ് പട്ടികയില്‍ മലയാളികളില്‍ ഒന്നാം സ്ഥാനത്ത് എം.ജി.ജോര്‍ജ് മുത്തൂറ്റും സഹോദരന്മാരും എത്തിയിരുന്നു. രാജ്യത്തെ ധനികരുടെ ഫോബ്സ് പട്ടികയില്‍ 26–ാം സ്ഥാനത്തായിരുന്നു മുത്തൂറ്റ് സഹോദന്മാര്‍. എന്‍.ആര്‍.ഐ ഭാരത് സമ്മാന്‍ അടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.