ജീവിതത്തിലെ തന്റെ ഏറ്റവും വലിയ ശക്തി നാലു പെൺമക്കളടങ്ങുന്ന സന്തുഷ്ടകുടുംബമാണെന്ന് നടനും തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയുമായ കൃഷ്ണകുമാർ. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ലഭിച്ച് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചപ്പോള്‍ ചിലര്‍ തന്നെ വ്യക്തിപരമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നുവെന്ന് കൃഷ്ണകുമാർ വ്യക്തമാക്കി. സ്വതന്ത്ര വ്യക്തികളായ തന്‍റെ പെണ്‍മക്കളെയും വിവാദങ്ങളിലേക്ക് വലിച്ചിടുകയാണെന്നും എന്നാല്‍ ഇതിനെയെല്ലാം താന്‍ അതിജീവിക്കുമെന്നും കൃഷ്‍ണകുമാര്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പിലൂടെയാണ് കൃഷ്‍ണകുമാറിന്‍റെ പ്രതികരണം.
കുറിപ്പിന്റെ പൂർണരൂപം
ജീവിതത്തിലെ ഏറ്റവും വലിയ ശക്തി നാല് പെണ്മക്കളടങ്ങുന്ന ഈ സന്തുഷ്ട കുടുംബമാണ്. ഒരു കലാകാരൻ എന്ന നിലയിലും പൊതു പ്രവർത്തകൻ എന്ന നിലയിലും ബുദ്ധിമുട്ടുകൾ ഏറിയ ഓരോഘട്ടത്തിലും അവരുടെ പിന്തുണയില്ലായിരുന്നുവെങ്കിൽ ജീവിതകഥ മറ്റൊന്നാകുമായിരുന്നു. ഇപ്പോൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥി എന്ന നിലയിൽ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുകയും, പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്യാൻ ആരംഭിച്ചപ്പോൾ സ്വതന്ത്ര വ്യക്തികളായ എന്റെ പെൺമക്കളെയും വിവാദങ്ങളിലേക്ക് വലിച്ചിട്ട് വ്യക്തിപരമായി ഉപദ്രവിക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ ഈ ഘട്ടത്തെ അതിജീവിക്കുകയും നേരിടുകയും തന്നെ ചെയ്യും. പക്ഷേ ഒരു അച്ഛൻ എന്ന നിലയിൽ ഈ വിവാദങ്ങൾ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പക്ഷേ ആരോടും പരിഭവിക്കാതെ പറയാനുള്ള നിലപാടുകൾ ഉറച്ചു പറഞ്ഞുകൊണ്ട് മുന്നോട്ടു പോവുക തന്നെ ചെയ്യും. മക്കളുടെ പേരിൽ വിവാദം ഉണ്ടാക്കിയാൽ വേദനിക്കുന്ന കൃഷ്ണകുമാർ എന്ന അച്ഛനെ മാത്രമേ നിങ്ങൾക്ക് അറിയൂ. എന്ത് പ്രതിസന്ധി വന്നാലും നിലപാടുകളിൽ ഉറച്ചു നിൽക്കുകയും, പറയുന്ന നിലപാടിനോട് സത്യസന്ധത പുലർത്തുകയും ചെയ്യുന്ന കൃഷ്ണകുമാർ എന്ന പൊതുപ്രവർത്തകനെ ഇപ്പോഴും വിവാദ കമ്മറ്റിക്കാർക്ക് മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു.