ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വസ്ത്രവ്യാപാര കമ്പനിയായ മിന്ത്ര ബ്രാന്‍ഡിന്റെ ലോഗോയില്‍ മാറ്റം വരുത്തി. സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് നിലവിലെ ലോഗോ എന്ന പരാതിയെ തുടര്‍ന്നാണ് മിന്ത്രയുടെ തീരുമാനം.
മിന്ത്രയുടെ ലോഗോ സ്ത്രീകളെ അപമാനിക്കുന്ന വിധമാണെന്ന് ചൂണ്ടിക്കാണിച്ച് മുംബൈ സ്വദേശിനിയും അവേസ്ത ഫൗണ്ടേഷന്റെ പ്രവര്‍ത്തകയുമായ നാസ് പട്ടേല്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20ന് മുംബൈ സൈബര്‍ ക്രൈം വിഭാഗത്തിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്പനി ലോഗോ മാറ്റാന്‍ തയ്യാറായത്.
നഗ്നയായ സ്ത്രീ ശരീരത്തെ ആഭാസമായി ചിത്രീകരിക്കുന്ന തരത്തിലാണ് മിന്ത്രയുടെ ലോഗോ എന്നാണ് നാസ് പട്ടേൽ ആരോപിക്കുന്നത്. എന്നാൽ ഇതിനെതിരെ സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ രംഗത്തെത്തി പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇതെന്നും മിന്ത്രയുടെ ലോഗായിൽ അശ്ലീലമൊന്നും കാണാനില്ലെന്നും ആളുകൾ പ്രതികരിച്ചു.
പരാതിയുടെ അടിസ്ഥാനത്തില്‍ മിന്ത്ര പ്രതിനിധികളുമായി യോഗം വിളിച്ചിരുന്നുവെന്നും ലോഗോ മാറ്റാന്‍ കമ്പനി സമ്മതം അറിയിച്ചുവെന്നും മുംബൈ സൈബര്‍ ക്രൈം ഡെപ്യൂട്ടി കമ്മീഷ്ണര്‍ രശ്മി കരന്ദികര്‍ അറിയിച്ചു.
നിലവില്‍ വെബ്‌സൈറ്റ് ലോഗോയില്‍ കമ്പനി മാറ്റംവരുത്തിയിട്ടുണ്ട്. മൊബൈല്‍ ആപ്പ്, പാക്കിങ് മെറ്റീരിയല്‍ ഉള്‍പ്പെടെയുള്ള മിന്ത്രയുടെ എല്ലാ പ്ലാറ്റ്‌ഫോമുകളിലേയും ലോഗോയില്‍ ഉടന്‍ മാറ്റംവരുത്തുമെന്നാണ് റിപ്പോര്‍ട്ട്.