ലോക കേരള സഭയില്‍ ശ്രദ്ധ നേടി ആടുജീവിതത്തിലെ നജീബും ടേക്ക് ഓഫിലെ മറീനയും. ഇന്നലെ സഭയില്‍ നജീബിനെ പ്രസംഗിക്കാന്‍ ക്ഷണിച്ച സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞത് ഈ സഭയിലെ ഏറ്റവും സവിശേഷമായ ഒരു സാന്നിദ്ധ്യമാണ് ഇനി സംസാരിക്കുന്നത് എന്നാണ്.
കൂപ്പുകൈകളുമായി സഭയെ അഭിമുഖീകരിച്ച നജീബിന്റെ വാക്കുകള്‍ കൈയ്യടിയോടെയാണ് സഭ സ്വീകരിച്ചത്. സഭയിലെ ഏറ്റവും ഹ്രസ്വമായ പ്രസംഗമാണു നടത്തിയതെങ്കിലും ഏറ്റവുമധികം െകെയടി നേടിയതു നജീബായിരുന്നു. ലോക കേരള സഭയില്‍ തന്നെപ്പോലെ ഒരാള്‍ക്ക് അംഗമാകാന്‍ കഴിഞ്ഞത് അവശത അനുഭവിക്കുന്ന പതിനായിരങ്ങള്‍ക്കു നല്‍കുന്ന ആശ്വാസവും പ്രതീക്ഷയും വളരെ വലുതാണെന്ന നജീബിന്റെ വാക്കുകള്‍ നിലയ്ക്കാത്ത െകെയടിയോടെയാണു സ്വീകരിക്കപ്പെട്ടത്.
ഇറാഖിലെ ഭീകരരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ നഴ്‌സ് മറീനയുടെ പ്രസംഗവും ഏറെ ശ്രദ്ധ പിടിച്ചു പറ്റി. നഴ്‌സുമാര്‍ തൊഴിലിടങ്ങളില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ വിവരിച്ച അവര്‍ ഇതിനു പരിഹാരം തേടാന്‍ സഭയുടെ പിന്തുണ അഭ്യര്‍ത്ഥിച്ചു. എംബസി ഉദ്യോഗസ്ഥര്‍ ആറുമാസം കൂടുമ്പോഴെങ്കിലും നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ സമയം കണ്ടെത്തണമെന്നും മെറീന പറഞ്ഞു. അനവധി അംഗീകാരങ്ങള്‍ നേടിയ ടേക് ഓഫ് എന്ന സിനിമയുടെ കഥയ്ക്ക് ആസ്പദമായതു മറീനയുടെ ജീവിതമായിരുന്നു.
ഒരു വർഷംകൂടി മാത്രമാണ് ഇനി നജീബിന് ബഹ്റൈനിലെ വീസയുള്ളത്. തന്റെ കഥയെഴുതിയ ബെന്യാമിനെ ലോക കേരളസഭയിൽ വച്ചു വീണ്ടും കണ്ടുമുട്ടിയപ്പോൾ നജീബ് പറഞ്ഞു: ‘സാറേ, ഒരു ചെറിയ ജോലി മേടിച്ചുതരണേ..’. രണ്ടു വർഷത്തിനുശേഷമാണ് നജീബും ബെന്യാമിനും കണ്ടുമുട്ടുന്നത്. നാട്ടിലെത്തുമ്പോഴൊക്കെ നജീബ് ബെന്യാമിനെ കാണാതെ മടങ്ങാറില്ല. ‘വീസ തീരുകയാണ്, നാട്ടിലൊരു തൂപ്പുകാരനായിട്ടെങ്കിലും പണി കിട്ടിയാൽ മതിയാരുന്നു…’’ നജീബ് പറയുന്നു.