ധ്യാനമിരിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിൽ എത്തി. നിശ്ചയിച്ചതിനേക്കാൾ ഒരു മണിക്കൂർ വൈകിയാണ് പ്രധാമന്ത്രി തിരുവനന്തപുരത്ത് വ്യോമസേനയുടെ ടെക്നിക്കൽ ഏരിയയിൽ വിമാനമിറങ്ങിയത്. മൂന്ന് ദിവസം പ്രധാനമന്ത്രി കന്യാകുമാരിയിലാണ്.
കന്യാകുമാരി ഗസ്റ്റ് ഹൗസിൽ വിശ്രമത്തിന് ശേഷം ദേവീ ക്ഷേത്രത്തിൽ ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി ബോട്ട് മാര്‍ഗം വിവേകാനന്ദ പാറയിലേക്ക് പോകും. തുടര്‍ന്ന് അദ്ദേഹം ഇവിടെ ധ്യാനമിരിക്കും.
അനുകൂല കാലാവസ്ഥയായതിനാൽ വ്യോമസേന ഹെലികോപ്പ്റ്ററിൽ അദ്ദേഹം കന്യാകുമാരിയിലേക്ക് പുറപ്പെട്ടു. മറ്റ് രണ്ട് ഹെലികോപ്റ്ററുകൾ അദ്ദേഹത്തെ അനുഗമിച്ചു. പ്രതികൂല കാലാവസ്ഥയാണെങ്കിൽ റോഡ് മാർഗം പോകാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രണ്ടുമാസത്തിലേറെ നീണ്ടുനിന്ന പ്രചാരണ റാലികളിൽ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി കന്യാകുമാരിയിൽ എത്തുന്നത്. ഇവിടെ ദീർഘനേരം അദ്ദേഹം ധ്യാനമിരിക്കുമെന്നാണ് വിവരം.
പൊതുതെരഞ്ഞെടുപ്പ് അതിന്റെ അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. ജൂൺ ഒന്നിന് ഏഴാം ഘട്ട വോട്ടെടുപ്പ് നടക്കും. ഇന്നത്തോടെ പരസ്യപ്രചാരണം അവസാനിച്ചിരുന്നു. ഈയവസരത്തിലാണ് പ്രധാനമന്ത്രി കന്യാകുമാരിയിലേക്ക് എത്തുന്നത്.